കാസര്‍കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളോളം നീണ്ട അടച്ചിടലിനൊടുവില്‍ കരകയറാന്‍ പരിശ്രമിക്കുകയാണ് സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായ മേഖല. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ആളുകള്‍ ഹോട്ടലുകളില്‍ കയറാന്‍ വിമുഖത കാണിക്കുന്നത് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോക്ക്‌ഡൗണ്‍ കാലത്തുണ്ടായ നഷ്ടത്തില്‍ നിന്നും കര കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ നിയന്ത്രണം തുടരുന്നതും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.
അതേസമയം പാഴ്‌സല്‍ സര്‍വീസിലൂടെയും ഹോം ഡെലിവറിയിലൂടെയും ബിസിനസ് പിടിച്ചുനിര്‍ത്താനാണ് വലിയ ഹോട്ടലുകളും ഭക്ഷണശാലകളും ശ്രമിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് ഹോട്ടലുകളുടെ പ്രവർത്തനം. നേരിട്ടുള്ള കച്ചവടം കുറവാണെങ്കിലും ലോക്ക്ഡൗൺ കാലത്ത് പോലും വേതനം നൽകാൻ ഉടമ തയ്യാറായതായി കാസർകോട് നഗരത്തിലെ വൈസ്രോയി റസ്റ്റോറന്‍റ് ജീവനക്കാർ പറയുന്നു.
ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റുകളും അതിജീവനത്തിനുള്ള ശ്രമത്തിലാണ്. തട്ടുകടകളും വഴിയോര ഭക്ഷണശാലകളും തുറന്ന് തുടങ്ങിയെങ്കിലും രാത്രികാലങ്ങളിൽ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും തുറക്കാന്‍ കഴിയുന്നുണ്ടെല്ലോയെന്ന ആശ്വാസമാണ് ഇവര്‍ക്ക്. കൂട്ടമായിരുന്ന് ചായ കുടിച്ച് അൽപ്പനേരം സൊറ പറഞ്ഞിരിക്കുന്ന ശീലമൊക്കെ മലയാളികൾ ഏതാണ്ട് മറന്ന മട്ടാണ്. എവിടെയെങ്കിലും ഒന്ന് തൊട്ടാല്‍ വൈറസ് ബാധയുണ്ടാകുമോയെന്ന ചിന്ത ഹോട്ടലുകളെ സമീപിക്കുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നുമുണ്ട്. പാഴ്‌സലിനൊപ്പം ഹോം ഡെലിവറി സംവിധാനങ്ങൾ തുടങ്ങിയവർ മാത്രമാണ് കൊവിഡാനന്തര ഹോട്ടല്‍ വ്യവസായത്തിൽ പിടിച്ചുനിൽക്കുന്നത്.