കാസർകോട് : കൊവിഡ് വ്യാപനം സമൂഹത്തെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ തളരാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകർക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സ്നേഹാദരം. ഇതിന്‍റെ ഭാഗമായി കാസര്‍കോട് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യു-ഭവന നിര്‍മാണ വുകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കേവലം വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കില്ലെന്നും നേടിയ നേട്ടങ്ങള്‍ കൈമുതലാക്കി ഇനിയും വളരെയേറെ മുന്നേറാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം, പൊലീസ്, തദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അവസരത്തിനൊത്ത പ്രവർത്തനം നമ്മെ സഹായിച്ചിട്ടുണ്ട്. കൂടാതെ ജനപ്രതിനിധികളും ജനങ്ങളും പിന്തുണയുമായി എത്തിയതോടെ ഫലപ്രദമായ പ്രതിരോധം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍റെ ജാഗ്രതയും അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പൊലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും കൊവിഡ് പ്രതിരോധം എളുപ്പമാക്കിയെന്നും വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനവും ജനങ്ങളുടെ പിന്തുണയും ലഭിച്ചതോടെ ഫലപ്രദമായ പ്രതിരോധം സാധ്യമായെന്നും മന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ നാട്ടിലേക്കെത്തിച്ചേരുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും നമുക്ക് സുരക്ഷിതരാക്കേണ്ടതുണ്ട്. ഇതിനായി എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ മന്ത്രിയെക്കൂടാതെ രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി മനോജ്, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം, ആരോഗ്യപ്രവർത്തകർ എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാല് ദിവസം കൊണ്ടാണ് കാസർകോട് മെഡിക്കല്‍ കോളജിനെ അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കിയത്. നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമാണ് ഇവിടെ ചികിത്സയില്‍ ഉള്ളത്.