കാസർകോട്: സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രാദേശിക വിതരണത്തിനുള്ള നിർമാണം ആരംഭിക്കുന്നു. ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് നിർമാണം ആരംഭിക്കുന്നത്. അമ്പലത്തറയിലെ വാല്‍വ് സ്റ്റേഷന് സമീപമുള്ള പ്രവര്‍ത്തനങ്ങൾക്ക് വെള്ളിയാഴ്‌ചക്കകം തുടക്കമാകും. ആദ്യഘട്ടത്തില്‍ അമ്പലത്തറയില്‍ നിന്ന് കാഞ്ഞങ്ങാട്, അജാനൂര്‍ മേഖലകളിലും, രണ്ടാം ഘട്ടത്തില്‍ കാസര്‍കോട്ടേക്കും പിന്നീട് നീലേശ്വരത്തേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാത വികസനം കൂടി കണക്കിലെടുത്താണ് മേഖലകള്‍ തെരഞ്ഞെടുക്കുന്നത്.
ആദ്യഘട്ടത്തില്‍ നഗരമേഖലയിലും പിന്നീട് ഗ്രാമങ്ങളിലും കണക്ഷന്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയാണ് പൈപ്പ് കണക്ഷനായി ഉപയോഗിക്കുന്നത്. എട്ട് വര്‍ഷം കൊണ്ടാണ് കൊച്ചി-മംഗളുരു ഗെയ്‌ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പാത പൂര്‍ത്തീകരിച്ചത്. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെയുള്ള സ്ഥിരം ലൈനിന്‍റെ നിര്‍മാണത്തിന് തടസം നേരിട്ടതോടെ താൽകാലിക പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് വഴി തുരങ്കം നിർമിച്ചെങ്കിലും 540 മീറ്റര്‍ ദൂരം പൈപ്പിട്ട് കഴിഞ്ഞ ശേഷമാണ് തടസമുണ്ടായത്.
സെപ്‌റ്റംബർ അവസാനത്തോടെ താൽകാലിക പൈപ്പ് ലൈൻ നിർമാണം ആരംഭിച്ചു. 24 ഇഞ്ച് പൈപ്പിന് പകരം ആറ് ഇഞ്ച് പൈപ്പ് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. കൊച്ചി മുതല്‍ മംഗളുരു വരെയുള്ള 510 കിലോമീറ്ററില്‍ പദ്ധതിയുടെ ഈ ഭാഗം ഒഴികെ ജൂലൈയോടെ പ്രവൃത്തി പൂര്‍ത്തിയായിരുന്നു. പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ പത്ത് ദിവസത്തിനകം നടപടിക്രമങ്ങള്‍ തീര്‍ത്ത് പദ്ധതി കമ്മിഷന്‍ ചെയ്‌ത് പ്രകൃതി വാതകം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.