കാസര്‍കോട്: അമ്പലത്തറയിലെ അഞ്ചുവയസുകാരി അമേയ, അജാന്നൂരിലെ പതിനൊന്നു വയസുകാരൻ മുഹമ്മദ് ഇസ്‌മായിൽ, ഒടുവിൽ കുമ്പടാജെയിലെ ഒന്നര വയസുകാരി ഹർഷിത... കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നു കുട്ടികളാണ് എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായി കാസർകോട് ജില്ലയിൽ മരിച്ചത്.
കഴിഞ്ഞവര്‍ഷം എന്‍മകജെയിലെ നവജിത്ത് എന്ന കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതുവരെ നൂറോളം കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍റെ ഇരകളായി മരണത്തിനു കീഴടങ്ങിയതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നു. നാലു വർഷമായി ക്യാമ്പ് നടക്കാത്തതിനാൽ ഒന്നര മാസത്തിനിടെ മരിച്ച മൂന്നു കുട്ടികളിൽ രണ്ടു കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിരുടെ പട്ടികയിൽ ഇല്ലാത്തവരാണ്.
വേദനതിന്ന് ഹർഷിതയും അമേയയും
എന്‍ഡോസള്‍ഫാന്‍ ദുരിത മഴപെയ്ത കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മൊഗേര്‍ എന്ന ആദിവാസി കോളനിയിലെ മോഹനന്‍ - ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞായ ഹര്‍ഷിത മോള്‍ (ഒന്നര) ആണ് ഒടുവിൽ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. അബോധാവസ്ഥയിൽ തന്നെയായിരുന്നു രണ്ടുനാൾ മുമ്പ് ഹർഷിത.
പിറന്നപ്പോഴേ തല വലുതായിരുന്നു. ഇത് മെല്ലെ മെല്ലെ വളരെ തുടങ്ങി. അതോടൊപ്പം കൈകാലുകൾ ശോഷിക്കാനും തുടങ്ങി. ശരീരത്തിന് പിന്നില്‍ മുഴയുമുണ്ടായിരുന്നു. ചലന ശേഷിയോ മിണ്ടാട്ടമോ ഉണ്ടായിരുന്നില്ല. ജില്ലയിലെ ആശുപത്രികളില്‍ പല തവണ പ്രവേശിപ്പിച്ചിരുന്നു. ഒരു പ്രാവശ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അന്ന് 16 ദിവസത്തോളം ഇവിടെ ചികില്‍സയില്‍ കഴിഞ്ഞു. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം കാസര്‍കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങി. മോഹനന്‍ - ഉഷ ദമ്പതികളുടെ ആദ്യ രണ്ടു കുഞ്ഞുങ്ങള്‍ക്കും സംസാര വൈകല്യമുണ്ട്.
READ MORE:ഒന്നര വയസുകാരിയുടെ മൃതദേഹവുമായി എൻഡോസൾഫാൻ സമര പന്തലിൽ പ്രതിഷേധം
ഒരുപാട് വേദന സഹിച്ചാണ് ഹർഷിതയും അമേയയും പോയത്. അമേയയുടെയും തല വലുതാകുന്ന അവസ്ഥ ആയിരുന്നു. പിന്നീട് ഛർദി ഉണ്ടായി. ആദ്യം കുഞ്ഞിനെയുംകൊണ്ട് എണ്ണപ്പാറ പി.എച്ച്.സിയിൽ പോയി മരുന്നുകൊടുത്തു. പിറ്റേദിവസം വീണ്ടും ജില്ല ആശുപത്രിയിലെത്തി രക്തപരിശോധനയും മറ്റു പരിശോധനയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം തലയിൽ രക്തം കട്ടപിടിച്ചതാണെന്നാണ് ഡോക്ടർമാർ നൽകിയ വിശദീകരണം. രാവിലെ മണിക്കൂറോളം പരിശോധിച്ചിട്ടും രക്തം കട്ടപിടിച്ചത് ഡോക്ടർമാർക്ക് കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ല.
വേദനയിൽ പൊട്ടിക്കരഞ്ഞ് ഇസ്‌മായിൽ
കഴിഞ്ഞ ഡിസംബർ 27ന് കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്‌മായിലിന്‍റെ മരണം. അതേദിവസം തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു അമേയയും മരിച്ചത്. പ്രസവിച്ച നാൾ മുതൽ എൻഡോസൾഫാൻ പട്ടികയിൽ മകളെ ഉൾപ്പെടുത്താൻ പാടുപെടുകയായിരുന്നു അമേയയുടെ മാതാപിതാക്കൾ. 2019ൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ന്യൂറോ വിഭാഗത്തിൽപെട്ട, തലവളരുന്ന രോഗമായിട്ടുപോലും പട്ടികയിൽപെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഇസ്‌മായിൽ ലിസ്റ്റിൽപെട്ടെങ്കിലും വൃക്കരോഗത്തിെന്റെ ആഴത്തിലുള്ള വേദന കടിച്ചമർത്തിയായിരുന്നു മരിച്ചത്.
ഞരമ്പ് മുറുകുന്ന വേദനയിലും കിഡ്നി സംബന്ധമായ അസുഖം കൊണ്ടും വല്ലാതെ പ്രയാസപ്പെട്ട് പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട് മുഹമ്മദ് ഇസ്‌മായിൽ. ഇസ്‌മായിൽ മരണം വരെ പ്രതിസന്ധികളോടും രോഗത്തോടും പൊരുതിയ ഒരു വിദ്യാർഥിയും കൂടിയായിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതനായിരിക്കെ രണ്ടര വർഷം മുമ്പാണ് വൃക്കരോഗബാധിതനായത്. കാഴ്ചക്കുറവുള്ള ഇസ്മായിലിന് ബാലൻസ് തെറ്റുന്ന രീതിയിലായിരുന്നു നടക്കാൻ കഴിഞ്ഞിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. റോട്ടറി സ്പെഷൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു.
വർഷങ്ങളായി ക്യാമ്പ് നടക്കുന്നില്ലെന്ന് പരാതി
കഴിഞ്ഞ നാലു വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടന്നിട്ടില്ലെന്നു പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു. 2017ലാണ് അവസാനം മെഡിക്കൽ ക്യാമ്പ് നടന്നത്. 16മാസമായി യോഗം പോലും നടന്നിട്ടില്ല. എൻഡോസൾഫാൻ ബാധിതർക്ക് കൊടുക്കാൻ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഇവിടെ ഇല്ല. ഇതാണ് മരണങ്ങൾക്ക് കാരണമെന്നും ഇവർ പറയുന്നു.