കാസർകോട് : റെയിൽപാളത്തിൽ കല്ല് കണ്ടെത്തുന്ന സംഭവങ്ങളിൽ (Placing Stone On Railway Track) പ്രതിസ്ഥാനത്ത് ഏറെയും കുട്ടികളായതോടെ നിയമ നടപടികൾ കർശനമാക്കാൻ പൊലീസ് (kerala Police). രക്ഷിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികൾ ശിക്ഷ അനുഭവിക്കേണ്ടി വരും. കുറ്റം ചെയ്‌തുവെന്ന് കണ്ടെത്തിയാൽ പിഴയൊടുക്കുന്നതോ ജുവനൈൽ പോലുള്ള ശിക്ഷയോ നൽകാനാണ് പൊലീസ് തീരുമാനം.
നിലവിൽ ഇത്തരം കേസുകളിൽ ബോധവൽക്കരണമാണ് നടക്കുന്നത്. എന്നാൽ സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് കർശന നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയിൽ പാളത്തിൽ കല്ലുവെച്ച സംഭവം അന്വേഷിച്ച പൊലീസ് അവസാനം എത്തിയത് ഏഴു വയസുകാരനിലാണ് (Stones Found Placed On Railway Track). കളനാട് റെയിൽപാളത്തിൽ കല്ല് കണ്ടെത്തിയ സംഭവത്തിന് പിന്നിലും കുട്ടികൾ ആണെന്ന് കണ്ടെത്തിരുന്നു.
പിന്നാലെ സ്‌കൂളുകളിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിയിരുന്നു. ട്രാക്കിൽ കല്ല് കണ്ടെത്തുന്നതും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നതുമായ സംഭവങ്ങളിൽ പൊലീസും ആർപിഎഫും അന്വേഷണം നടത്തുകയാണ്. ട്രാക്കിന് സമീപത്തെ വീടുകളിൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പൊലീസിന്‍റെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ട്രെയിനുകൾക്ക് നേരെ പതിവായി കല്ലേറുണ്ടായതോടെ യാത്രക്കാരും ആശങ്കയിൽ ആയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ട്രെയിനുകൾ അക്രമിക്കപ്പെട്ടു. രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെയും കല്ലേറ് ഉണ്ടായി.
കഴിഞ്ഞ മാസം മാഹിക്കും തലശ്ശേരിക്കും ഇടയിൽ വന്ദേഭാരതിനും ചെന്നൈ സൂപ്പർഫാസ്റ്റിനും നേത്രാവതി എക്‌സ്‌പ്രസിനും ഓഖ എക്‌സ്‌പ്രസിനും നേരെ കല്ലേറ് ഉണ്ടായി. പിന്നാലെ ഓഗസ്റ്റ് 14ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. ഓഗസ്റ്റ് 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യെശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി.