കാസര്‍കോട്: കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് അടക്കം ജില്ലയിൽ നടക്കുന്ന ക്വട്ടേഷൻ, ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ഗുണ്ട ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഇടിവി ഭാരതിനോട് പറഞ്ഞു.
കാസർകോടിന്‍റെ അതിര്‍ത്തി മേഖലയായ മഞ്ചേശ്വരത്ത് പ്രത്യേക സാഹചര്യം രൂപപ്പെടുന്നുണ്ടെന്നും അത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ (01.09.2022) നിയമസഭയില്‍ അറിയിച്ചു. ജില്ലയില്‍ ഗുണ്ട വിളയാട്ടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളാണ് ഉപ്പളയും മഞ്ചേശ്വരവും. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യത്തിനു ശേഷം പ്രതികള്‍ മഞ്ചേശ്വരം–തലപ്പാടി വഴി അയല്‍ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് പൊലീസ് വല്ലുവിളിയാണ്. ഇത് തടയുകയാണ് പൊലീസിന്‍റെ ലക്ഷ്യം.
വിദേശ കറന്‍സി കള്ളക്കടത്തിന്‍റെ പേരില്‍ രണ്ടു മാസം മുമ്പാണ് മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ഒരു സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെയെല്ലാം കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പിടികൂടിയത്.