കാസർകോട് : ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കടയ്‌ക്കെതിരെ ആരോഗ്യവകുപ്പ് നടപടി. വലിയപൊയിൽ മുണ്ട്യത്താൾ സ്വദേശിയുടെ കട, വകുപ്പ് അധികൃതരെത്തി അടപ്പിച്ചു. ചെറുവത്തൂരിലെ മീൻ മാർക്കറ്റിന് സമീപത്തെ കടയില്‍ നിന്നും വാങ്ങിയ കോഴിയിറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
വീട്ടിലെത്തി ചെറിയ കഷ്‌ണങ്ങളാക്കി നോക്കിയപ്പോഴാണ് നിരവധി പുഴുക്കളെ കണ്ടത്. ഉടൻ, കടയിലെത്തി ഇയാള്‍ വിവരം ധരിപ്പിച്ചു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ടതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ചെറുവത്തൂരിലെ ഐഡിയൽ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്ന് ഇറച്ചി നൽകിയ കോഴിക്കട നേരത്തേ പൂട്ടിച്ചിരുന്നു. തുടർന്ന് എല്ലാ കടകളിലും പരിശോധനയും ശക്തമാക്കി. ഇതിനിടെയാണ് ചെറുവത്തൂരിൽ സമാനസംഭവം ആവര്‍ത്തിച്ചത്.