കാസർകോട്: ചെര്‍ക്കളയിലെ പാല്‍ സൊസൈറ്റിയില്‍ നിന്നും മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തില്‍ 17-കാരന്‍ പിടിയില്‍. കൂട്ടുപ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം. ബദിയടുക്ക ടൗണിന് സമീപം വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന കൗമാരക്കാരനാണ് അറസ്റ്റിലായത്. ശനിയാഴ്‌ച പുലര്‍ച്ചെ 2.15 നാണ് മോഷണം നടന്നത്.
ചെങ്കളയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകശ്രീ മില്‍ക്ക് സ്ഥാപനത്തിന്‍റെ ഗ്രില്‍സ് തകര്‍ത്താണ് ഉള്ളില്‍ കടന്നത്. തുടര്‍ന്ന്, മോഷ്‌ടാക്കള്‍ മുന്‍വശത്തെ നിരീക്ഷണ കാമറ നശിപ്പിച്ച് ഷെല്‍ഫില്‍ സൂക്ഷിച്ച പണം കവര്‍ന്നു. വാഹനത്തിലെത്തിയാണ് മോഷണം നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
സ്ഥാപന ഡയറക്‌ടര്‍ വി അബ്‌ദുല്ലകുഞ്ഞിയുടെ പരാതിയില്‍ കേസെടുത്തു. ബദിയടുക്കയിലേക്കുള്ള രാത്രികാല ബസില്‍ നിന്നാണ് കൗമാരക്കാരനെ പൊലീസ് പിടികൂടിയത്. കാസര്‍കോട് ജഡ്‌ജിയുടെ ചുമതലയുണ്ടായിരുന്ന ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. തുടർന്ന്, ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
വിദ്യാനഗര്‍ എസ്.ഐ കെ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോജന്‍, സലാം, സിയാദ് എന്നിവരടങ്ങിയ സംഘമാണ് മോഷ്‌ടാവിനെ പിടികൂടിയത്.