കാസർകോട്: കേന്ദ്ര സർവകലാശാല കാമ്പസിൽ രാത്രിയാത്രക്ക് നിയന്ത്രണം. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഹോസ്റ്റലിന് പുറത്തും കാമ്പസിലും രാത്രി 11ന് ശേഷം വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉത്തരവ് പുറത്ത് വന്നതോടെ കേന്ദ്ര സർവകലാശാലയിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.
ജൂലൈ 14നാണ് ഉത്തരവ് ഇറങ്ങിയത്. പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാലയിലെ 50 ശതമാനത്തിലേറെ വിദ്യാർഥികൾ ഹോസ്റ്റലിലും സമീപപ്രദേശങ്ങളിൽ വാടകയ്ക്കും താമസിക്കുന്നവരാണ്. ക്ലാസ് മുറിയിലെ പഠനശേഷം കാമ്പസിൽ സംഘം ചേർന്നിരുന്ന് പഠിച്ചാണ് വിദ്യാർഥികൾ പരീക്ഷയ്ക്ക് ഒരുങ്ങിയിരുന്നത്.
പുതിയ നിയന്ത്രണം ഈ തയാറെടുപ്പ് ഇല്ലാതാക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. സുരക്ഷാപ്രശ്‌നമെന്തെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുമില്ല. സമാധാനപരമായി പോകുന്ന കാമ്പസിൽ, ഹോസ്റ്റലിൽ താമസിക്കുന്നവർക്കും മറ്റ് വിദ്യാർഥികൾക്കും സുരക്ഷയുടെ പേരിൽ രാത്രി പ്രവേശനം അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികൾക്ക് പരീക്ഷയും പ്രബന്ധവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ലൈബ്രറിയും കാമ്പസ് സൗകര്യവും ഒരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പരീക്ഷയും പ്രബന്ധാവതരണവും അടുത്തിരിക്കുന്ന സാഹചര്യത്തിൽ കാമ്പസ് സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ഏറെ അനിവാര്യമാണെന്നും വിദ്യാർഥികൾ പറയുന്നു. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നു അധികൃതർ അറിയിച്ചു.
നാളെ(ജൂലൈ 21)നടക്കുന്ന ചർച്ചയിൽ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.