കാസർകോട്: പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് കോടതി അനുമതി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി.രമേശൻ നൽകിയ ഹർജിയിൽ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. എന്നാൽ കോടതിയുടെ മുൻകൂർ അനുമതി ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും ഉത്തരവിലുണ്ട്.
Also read: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വഴിത്തിരിവ്; സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നത് 9.5 കോടി
മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ലഭിച്ചെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതിയുടെ അനുമതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 ബി വകുപ്പ് പ്രകാരമുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തുക. ഇതിനൊപ്പം മറ്റാക്ഷേപങ്ങളിലും അന്വേഷണം നടത്തേണ്ടി വരും.
സുന്ദരയുടെ വെളിപ്പെടുത്തൽ വന്നതിനുപിന്നാലെ സംഭവം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കാണ് വി വി രമേശൻ പരാതി നൽകിയത്. ഇതിൽ സുന്ദരയുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള പ്രാഥമിക നടപടികൾ പൊലീസ് ഞായറാഴ്‌ച തന്നെ പൂർത്തിയാക്കിയിരുന്നു.