കാസർകോട് : കൈവശാവകാശ രേഖയ്ക്ക് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. കാസർകോട് നെട്ടണിഗെ വില്ലേജ് ഓഫിസറായ തിരുവനന്തപുരം സ്വദേശി എസ്. എൽ സോണി, സ്വീപ്പർ ആദൂർ സ്വദേശി ശിവപ്രസാദ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ആദൂർ സ്വദേശിയായ അബ്‌ദുള്‍ റഹ്മാന്‍റെ പരാതിയിലാണ് വിജിലന്‍സ് നടപടി.
കൈക്കൂലിയായി രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് ഇരുവരും പരാതിക്കാരനായ അബ്‌ദുള്‍ റഹ്മാനോട് ആവശ്യപ്പെട്ടത്. കൈവശാവകാശ രേഖ പെട്ടെന്ന് കിട്ടണമെങ്കിൽ കൈക്കൂലി നൽകണമെന്നും അല്ലെങ്കിൽ വൈകിപ്പിക്കുമെന്ന് വില്ലേജ് ഓഫിസർ പറഞ്ഞതായും അബ്‌ദുൾ റഹ്മാൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഉടൻ ഡി വൈ എസ് പി കെ. വി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി നാടകീയമായി പ്രതികളെ പിടികൂടി.
Also read: ധീരജ് വധക്കേസ് : നിഖിൽ പൈലി ഒഴികെയുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യം
വിവരം അറിഞ്ഞ അന്വേഷണ സംഘം അബ്‌ദുള്‍ റഹ്മാനോട് മദ്യവും പണവും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണസംഘത്തിന്‍റെ നിര്‍ദേശപ്രകാരം കൈക്കൂലി നല്‍കുന്നതിനിടെയാണ് വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിലായത്.