കാസര്‍കോട് : ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുത പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി സ്വദേശി മൻവിത് ( 15 ) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്‌ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി കറന്തക്കാട് വച്ചാണ് നടുക്കുന്ന അപകടമുണ്ടായത് (Boy in Bus Dies After Hitting Head On Pole).
മന്നിപ്പാടി ഗണേഷ് നിലയത്തിൽ സുനിൽകുമാർ - പ്രജിത ദമ്പതികളുടെ മകനാണ് മൻവിത്. സഹോദരൻ : അൻസിത്. സ്‌കൂൾ വിട്ടശേഷം കാസർകോട് പഴയ ബസ്‌സ്‌റ്റാൻഡില്‍ നിന്ന് മധൂരിലേക്കുള്ള സുപ്രീം ബസിൽ യാത്ര ചെയ്യുകയായിരുന്നു 15കാരന്‍ (15 Year Old boy in a Bus Dies as Head hits Pole).
വൈകുന്നേരമായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു. ഇതിനിടെ കറന്തക്കാടുവച്ച് വൈകീട്ട് 5 മണിയോടെ വിദ്യാർഥിയുടെ തല അബദ്ധത്തില്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു (Student Dies in Kasaragod).
രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ മൻവിത്തിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദ്യാർഥികൾ ചവിട്ടുപടിയിൽ അടക്കം യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ആർടിഒയും പൊലീസും കഴിഞ്ഞ ദിവസങ്ങളില്‍ ബസുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത് (15year Old Student Died in Kasaragod).