കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇഎംഎല്ലിനെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് സിഐടിയുവും സമരത്തിന്. ഭെല്ലിലെ ഓഹരികള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായിട്ടും ഫയലില്‍ ഒപ്പുവെക്കാതെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് സിഐടിയു ആരോപിക്കുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ് ഭെല്ലിലെ തൊഴിലാളികള്‍.
2011 വരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്നു കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനിയറിങ് കമ്പനി ലിമിറ്റഡ് (കെല്‍). പിന്നീട് 2011ല്‍ മഹാരത്‌ന കമ്പനിയായ ഭെല്‍ സംസ്ഥാന ഓഹരികള്‍ ഏറ്റെടുക്കുന്ന ഘട്ടത്തിൽ അഞ്ച് കോടി രൂപ വാർഷിക ലാഭം നേടിയിരുന്ന സ്ഥാപനമായിരുന്നു. ഇന്ത്യൻ റെയിൽവേക്ക് ആവശ്യമായ ആൾട്ടർനേറ്റിന്‍റെ ഉല്‍പാദകരായിരുന്ന യൂണിറ്റ് ഒമ്പത് വർഷത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇതോടെ ജീവനക്കാരുടെ ശമ്പളവും മുടങ്ങാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള രൂപരേഖയടക്കം സംസ്ഥാന സർക്കാർ തയ്യാറാക്കിയത്. കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട്ടെ യൂണിറ്റിന്‍റെ നവീകരണത്തിനായി 10 കോടി രൂപ വകയിരുത്തി. എന്നാൽ തുക ലഭിക്കണമെങ്കില്‍ ഭെല്ലിന്‍റെ കാസര്‍കോട് യൂണിറ്റ് പൂര്‍ണമായും കെല്ലിന്‍റെ കീഴില്‍ വരണം. എന്നാൽ ഫയൽ ഒപ്പിടാതെ കേന്ദ്രസര്‍ക്കാര്‍ മെല്ലെപ്പോക്ക് നയത്തിലാണെന്ന് സിഐടിയു ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശമ്പളം മുടങ്ങിയതോടെ സ്ഥാപനത്തില്‍ മാസങ്ങളായി എസ്‌ടിയുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ റിലേ സമരത്തിലാണ്. ഇതിന് പിന്നാലെയാണ് സിഐടിയുവും സമരരംഗത്തെത്തിയത്. നിലവില്‍ 51 ശതമാനം ഓഹരി ഭെല്ലിനും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. നിലവില്‍ 32 കോടി രൂപ ബാധ്യതയിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. ഇതിന് പരിഹാരം കാണാനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.