കാസര്‍കോട്: ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനം നഷ്ടക്കണക്കുകളിലേക്ക് നീങ്ങിയതിന്‍റെ നേര്‍സാക്ഷ്യമാണ് കാസര്‍കോട്ടെ ഭെല്‍ ഇഎംഎല്‍. റെയില്‍വേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകളും പവര്‍ കാറുകളും നിര്‍മ്മിച്ചിരുന്ന സ്ഥാപനം സംസ്ഥാന പൊതുമേഖലയില്‍ നിന്നും കേന്ദ്ര പൊതുമേഖലയില്‍ എത്തിയതിന് ശേഷം തൊഴിലാളികള്‍ക്ക് കണ്ണീര്‍ക്കാലമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന് പുറമെ തൊഴില്‍ ലഭ്യത പോലും ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
2011വരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്നു കേരള ഇലക്ട്രിക്കല്‍ അലൈഡ് കെല്‍. മികച്ച ഉത്പാദന നിരക്കില്‍ നേടിയെടുത്തത് അഞ്ച് കോടി രൂപയോളം ലാഭം. എന്നാല്‍ പിന്നീട് മഹാരത്‌ന കമ്പനിയായ ഭെല്‍ സംസ്ഥാന ഓഹരികള്‍ ഏറ്റെടുത്തപ്പോഴാണ് പ്രതീക്ഷകളാണ് കീഴ്‌മേല്‍ മറിഞ്ഞത്. ഓര്‍ഡറുകള്‍ വരുന്നുണ്ടെങ്കിലും ഉത്പാദനം നടക്കാതെ വന്നതോടെ ഇപ്പോള്‍ സ്ഥാപനം 30 കോടിയില്‍പ്പരം രൂപ നഷ്ടത്തിലാണ്.
നഷ്ടക്കണക്ക് കുന്നുകൂടുന്നതിന് പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ സ്ഥാപനം പൂര്‍ണമായി അടച്ചിട്ടു. ഇതോടെ ഇവിടുത്തെ 180 തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. രണ്ട് വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതായതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. പലരും സ്വന്തം നാട്ടിലേക്ക് വെറും കൈയോടെ മടങ്ങി. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അനിശ്ചിത കാല സത്യാഗ്രഹ സമരത്തിലാണ് ഭെല്ലിലെ തൊഴിലാളികള്‍. പിരിഞ്ഞ് പോയവര്‍ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയടക്കം ഒന്നും ലഭ്യമായിട്ടില്ല.
2019 സെപ്തംബര്‍ അഞ്ചിന് ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന കാബിനറ്റ് തീരുമാനമെടുത്തുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം തുടര്‍നടപടികള്‍ ഉണ്ടാകണമെന്ന ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും അനുകൂല സമീപനം കേന്ദ്രത്തില്‍ നിന്നും ഉണ്ടായിട്ടില്ല.
സ്ഥാപനത്തിന്‍റെ നവീകരണത്തിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നുവെങ്കിലും കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെതുപോലെ ഭെല്‍ യൂണിറ്റ് ഏറ്റെടുത്ത് സ്ഥാപനത്തിന്‍റെയും തൊഴിലാളികളുടെയും നിലനില്‍പ്പ് ഉറപ്പുവരുത്തണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.