കാസർകോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയിലാണ് കാസര്‍കോട്ടെ നേന്ത്രവാഴ കര്‍ഷകര്‍. വിളവിന് പാകമായവ വെട്ടിയെടുത്താലും വിപണി കണ്ടെത്താൻ ആകുമോ എന്നുറപ്പില്ല. കഴിഞ്ഞ വിളവെടുപ്പ് കാലം കാലവര്‍ഷം പ്രതിസന്ധിയിലാക്കി. മഴ കനത്തത് വാഴ കന്നുകള്‍ നശിക്കുന്നതിനും കാരണമായി.
പ്രശ്‌നങ്ങളെയൊക്കെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കിയത്. ജൈവളത്തിനും രാസവളത്തിനും അമിതമായി വിലകയറിയതും നേന്ത്ര വാഴ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നെങ്കിലും വിപണിയിലായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ പൊതുവിപണികളിൽ നിയന്ത്രണം വന്നു തുടങ്ങി. കടകളിൽ ആളുകൾ എത്തുന്നതും കുറഞ്ഞു.
Read More: നെല്ല് സംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഈ സാഹചര്യത്തിൽ പാകമായ കുലകൾക്ക് വിപണി ഉണ്ടാകുമോ എന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്. 28 രൂപ മുതല്‍ 30 രൂപ വരെ വിപണിയില്‍ പച്ചക്കായക്ക് വില ലഭിക്കുന്നുണ്ട്. അനുകൂല കാലവസ്ഥയില്‍ കൂടുതല്‍ വിളവ് കൊയ്ത് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കർഷകർ. അതിനിടയിലാണ് കൊവിഡ് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.