കാസര്‍കോട്: ദക്ഷിണേന്ത്യയില്‍ മുളയുടെ തലസ്ഥാനമെന്ന പദവി ഇനി കാസര്‍കോടിന് സ്വന്തം. ജലദൗര്‍ലഭ്യം തീര്‍ത്ത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് മൂന്ന് ലക്ഷം മുളം തൈകള്‍ നട്ടുപിടിപ്പിച്ചത്. ഭൂഗര്‍ഭ ജലശോഷണം ഭീതിതമായ അവസ്ഥ സൃഷ്ടിച്ച മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളില്‍പ്പെട്ട 13 തദ്ദേശ സ്ഥാപനങ്ങളിലാണ് ഒരേ സമയം മൂന്ന് ലക്ഷം മുളം തൈകള്‍ നട്ടത്. ഇതോടെ ദക്ഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമെന്ന പദവിയും കാസര്‍കോടിന് സ്വന്തമായി.
അംഗടിമുഗര്‍ സ്‌കൂള്‍ വളപ്പില്‍ തൈ നട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ ബാംബു കാപിറ്റല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മുളം തൈകള്‍ വേര് പിടിച്ചുകഴിഞ്ഞാല്‍ മണ്ണുകളില്‍ ഇളക്കമുണ്ടാകും. അതുവഴി ഭൂമിയുടെ പ്രതലത്തിലെ ജലം ഒഴുകിപ്പോകാതെ മണ്ണിലേക്ക് ഇറക്കാന്‍ സഹായിക്കുമെന്നതാണ് പദ്ധതി ആവിഷ്‌കരിക്കാന്‍ ജില്ലാഭരണകൂടത്തെ പ്രേരിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് നട്ടുപിടിപ്പിക്കാനുള്ള മൂന്ന് ലക്ഷം തൈകള്‍ കൂടകളില്‍ തയ്യാറാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തി തൈകളുടെ പരിപാലനവും ഉറപ്പ് വരുത്തും.