കാസര്‍കോട്: കന്നഡ മഹാകവി നഡോജ കയ്യാർ കിഞ്ഞണ്ണ റായിയുടെ ഓര്‍മക്കായി നിലകൊള്ളുന്ന ലൈബ്രറി നാശത്തിന്‍റെ വക്കില്‍. അദ്ദേഹത്തിന്‍റെ ജന്മ നാടായ ബദിയടുക്കയിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. കവിയുടെ മരണത്തിന് ശേഷം അഞ്ച് വര്‍ഷം മുമ്പാണ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ലൈബ്രറിക്ക് നഡോജയുടെ പേര് നല്‍കിയത്.
എന്നാല്‍ ബഹുഭാഷാ കവിയോടുള്ള ആദരവ് പ്രകടിപ്പിച്ച് വലിയ ആഘോഷത്തോടെ പേര് മാറ്റലും മറ്റും നടന്നെങ്കിലും പിന്നീട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാതെയായി. കെട്ടിടം മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ചുറ്റും കാടുമൂടി. അതോടെ വായനക്കാര്‍ വായനശാലയെ മറന്നു.
നേരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലൈബ്രറിയായിരുന്നു ഇത്. ബദിയടുക്ക വിഷൻ 2020 എന്ന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ലൈബ്രറിയുടെ പേര് മാറ്റിയത്. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് ലൈബ്രറി വീണ്ടും തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.