കാസര്‍കോട്: നേരില്‍ കണ്ടവരിലും കേട്ടറിഞ്ഞവരിലും കൗതുകമാണ് മധൂര്‍ ചേനക്കോട് ഗ്രാമത്തില്‍ ഓടിച്ചാടിക്കളിക്കുന്ന കുട്ടന്‍. കുട്ടാ എന്ന നീട്ടിവിളി കേട്ടാല്‍ എവിടെയുണ്ടെങ്കിലും ഓടിയെത്തും ഈ പുള്ളിമാന്‍. ചേനക്കോട്ടുകാരുടെ അരുമമൃഗമാണ് പത്ത് മാസം പ്രായമുള്ള മാന്‍കുട്ടി. കുഞ്ഞായിരിക്കെയാണ് പുള്ളിമാന്‍ കുഞ്ഞ് ചേനക്കോട്ടെത്തുന്നത്. നാട്ടുകാര്‍ മാനു എന്നും കുട്ടന്‍ എന്നുമുള്ള ഓമനപ്പേരിട്ടു വളര്‍ത്തി. കാട്ടില്‍ വളരേണ്ടവന്‍ നാട്ടിലെത്തിയതില്‍പ്പിന്നെ ആള്‍ത്താമസമുള്ള ഇടമായി ഈ പുള്ളിമാന്‍റെ വാസസ്ഥലം.
തെരുവുനായ്ക്കള്‍ പിച്ചിച്ചീന്തിയ അമ്മ മാനിന്‍റെ ജഡത്തിനരികില്‍ നിന്നും ചീമേനിയിലെ പ്ലാന്‍റേഷന്‍ തൊഴിലാളികളാണ് മാന്‍കുഞ്ഞിനെ രക്ഷിച്ചത്. ആ സമയം മാന്‍കുഞ്ഞിന് പ്രായം പത്ത് ദിവസം. കാട്ടില്‍ തന്നെ വിട്ടാല്‍ അതിന്‍റെ ജീവനും അപകടത്തിലാകുമെന്ന് കണ്ട് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വകുപ്പ് അനുമതികള്‍ വാങ്ങിയ അധികൃതര്‍ കാസര്‍കോട്ടെ മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി. മവീഷ്‌കുമാറിനെ ഏല്‍പ്പിച്ചതോടെയാണ് മാന്‍കുഞ്ഞ് മധൂര്‍ ചേനക്കോട്ടെത്തുന്നതും നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടനായി മാറിയതും.
വെറി മാറാത്ത നായ്ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ചീമേനിയിലെ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ ഈ മാന്‍കുഞ്ഞിനെ രക്ഷിച്ചെടുക്കുമ്പോള്‍ മുലപ്പാല്‍ പോലും കിട്ടാതെ മാന്‍കുഞ്ഞിന്‍റെ ജീവൻ അപകടത്തില്‍ ആകരുതെന്നായിരുന്നു ചിന്ത. മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും അധികൃതര്‍ക്കില്ലായിരുന്നു. പക്ഷെ കൊച്ചുകുഞ്ഞിനെ പരിചരിക്കും പോലെ ലാക്ടോജനും ബേബിഫുഡും ഉള്‍പ്പെടെ നല്‍കി മാന്‍കുഞ്ഞിനെ മവീഷിന്‍റെ വീട്ടില്‍ ഓമനിച്ചു വളര്‍ത്തി. പത്ത് മാസം പ്രായമാകുമ്പോള്‍ പുള്ളിമാനിന് കൊമ്പുമുളച്ചു തുടങ്ങി. തലങ്ങും വിലങ്ങും ഓടിച്ചാടി കളിക്കുകയാണ് മാന്‍കുട്ടി.
പതിയെ ഇവന്‍ നാട്ടിലും ഇറങ്ങിത്തുടങ്ങി. നാട്ടുകാരോടും വേഗത്തില്‍ ഇണങ്ങി. ഇപ്പോള്‍ ഈ നാടാണ് മാന്‍കുഞ്ഞിന്‍റെ ആവാസകേന്ദ്രം. നേരം വെളുക്കും മുന്‍പേ ചേനക്കോട്ടെ കുന്നിന്‍ചരുവുകളിലേക്ക് കുട്ടന്‍ ഊരു ചുറ്റാനിറങ്ങും. എല്ലാ വീടുകളിലും ഇവനെത്തും. ഭക്ഷണരീതികള്‍ മനസിലാക്കിയ നാട്ടുകാര്‍ അവന് പ്രിയപ്പെട്ടതെല്ലാം നല്‍കി വയറു നിറക്കും. തക്കാളി, കാരറ്റ്, ഉരുളക്കിഴങ്ങ്, ഉള്ളി, പയര്‍, കടല, ചെമ്പരത്തിപ്പൂവ് തുടങ്ങിയവയോടാണ് ഈ പുള്ളിമാന്‍കുഞ്ഞിന് ഏറെ ഇഷ്ടം. വിശപ്പടക്കിയാല്‍ പിന്നെ പതിയെ മവീഷിന്‍റെ വീട്ടില്‍ തിരികെയെത്തും. രാത്രികാലങ്ങളില്‍ പോലും കൂട്ടിലിട്ടല്ല ഇവനെ വളര്‍ത്തുന്നത്. ഈ പറമ്പ് മുഴുവന്‍ നടന്നുതീര്‍ക്കുമ്പോള്‍ ഇവിടുത്തെ നായയായ റോക്കിയും സദാസമയം പുള്ളിമാനിനൊപ്പമുണ്ടാകും.
ഇന്നാട്ടുകാരുടെ ശബ്ദവും മണവും തിരിച്ചറിയുന്ന മാന്‍കുട്ടന്‍ അപരിചതരെ കണ്ടാല്‍ പ്രദേശവാസികള്‍ക്കിടയിലേക്ക് ഓടിയെത്തും. അമ്മയില്ലാത്ത കുഞ്ഞിനെ ചേനക്കോട്ടുകാര്‍ കുടുംബാംഗത്തെപോലെയാണ് സംരക്ഷിക്കുന്നത്. ഒരുവേള ഇവനെ വിട്ടു പിരിയേണ്ടി വരുമല്ലോയെന്നതാണ് ഇവരെ സങ്കടപ്പെടുത്തുന്നത്.