പെരിയ ഇരട്ട കൊല കേസിലെ മുഖ്യ പ്രതി പീതാംബരനും കൂട്ടാളികളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസ് കണ്ടെത്തിയ മൂന്ന് വാളുകളും, 4 ഇരുമ്പ് ദണ്ഡുകളുമാണ് ഫോറൻസിക് സർജൻ പരിശോധിച്ചത്.
ഹൊസ്ദുർഗ് കോടതിയിലെ അടച്ചിട്ട മുറിയിൽ ആയിരുന്നു പരിശോധന. ശരത് ലാലിന്‍റെയും ,കൃപേഷിന്‍റെയും ശരീരത്തിലേറ്റ മുറിവുകൾ, പൊലിസ് കണ്ടെത്തിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായതാണോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയടക്കമുള്ളവരും പരിശോധനയിൽ പങ്കെടുത്തു. ആയുധങ്ങൾ പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും സീൽ ചെയ്ത ആയുധങ്ങൾ പരിശോധിക്കുന്നതിനെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തു. തുടർന്ന് കോടതി പ്രവൃത്തി സമയത്ത് പ്രോസിക്യൂട്ടറുടേയും പ്രതിഭാഗം അഭിഭാഷകന്‍റെയും സാന്നിധ്യത്തിൽ ആയുധങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് ആയുധങ്ങൾ പരിശോധിച്ചത്.