കാസര്‍കോട്: ജീവനൊടുക്കിയ, കടുത്തുരുത്തി ആത്മഹത്യ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30നാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
ALSO READ | കടുത്തുരുത്തി സ്വദേശി ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
കോട്ടയം കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് ആതിര ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് കേസിലെ പ്രതിയായ അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെയാണ് (മെയ് നാല്) അരുണ്‍ ആത്മഹത്യ ചെയ്‌തത്. കാഞ്ഞങ്ങാട് അപ്‌സര ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാൾ ഇവിടെ രാജേഷ് എന്ന പേരിൽ താമസിച്ചുവരികയായിരുന്നു.
റൂമെടുത്തത് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച്: തിരിച്ചറിയൽ രേഖയിൽ നിന്നാണ് ആളെ മനസിലാക്കിയത്. തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൈനാപ്പിൾ ലോറിയിലെ ഡ്രൈവറാണെന്നും പെരിന്തല്‍മണ്ണയാണ് വീടെന്നും പറഞ്ഞാണ് ലോഡ്‌ജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചത്. മെയ് രണ്ടിന് വൈകിട്ടാണ് ഇയാള്‍ റൂമെടുത്തത്.
ALSO READ | ആതിരയുടെ ആത്മഹത്യ : അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി
പ്രതിക്ക് വേണ്ടി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറപ്പെടുവിച്ചിരുന്നു. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വിഎം ആതിരയെ തിങ്കളാഴ്‌ച (മെയ് ഒന്ന്) രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുൻ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. പിന്നാലെയായിരുന്നു യുവതി ആത്മഹത്യ ചെയ്‌തത്.
'അരുണ്‍ വിദ്യാധരന്‍റെ ആത്മഹത്യ ദൗർഭാഗ്യകരം': കടുത്തുരുത്തി ആത്മഹത്യ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ജീവനൊടുക്കിയത് ദൗർഭാഗ്യകരമെന്ന്, മരിച്ച യുവതിയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ്. മെയ് നാലിന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വിഎം ആതിര ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയാണ് അരുണ്‍.
'ഒരു ജീവന് പകരം മറ്റൊരു ജീവൻ എന്നതല്ല. നിയമപരമായി ലഭിക്കാൻ കഴിയുന്ന പരമാവധി ശിക്ഷ അരുണിന് ലഭിക്കണം എന്നായിരുന്നു ആഗ്രഹം. അപ്രതീക്ഷിതമാണ് അരുണിന്‍റെ ആത്മഹത്യ. ഞാന്‍ ഇതുവരെ അരുണിനെ കോൺടാക്‌ട് ചെയ്‌തിട്ടില്ല. പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ച ഉണ്ടായിട്ടില്ല. പൊലീസ് എന്നും കൂടെ ഉണ്ടായിരുന്നു' - ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് എസ്‌പി കെ കാര്‍ത്തിക് പറഞ്ഞു. പരാതി ലഭിച്ചപ്പോള്‍ എഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.