കാസർകോട്: അനാഥമന്ദിരത്തിലെ ബാല്യത്തിൽ നിന്നും യൗവനത്തിൽ എത്തുമ്പോൾ സ്വന്തമായി മേൽവിലാസമില്ലാത്ത പ്രതിസന്ധിയിലാണ് കാസർകോടിലെ 27 കാരനായ അനൂപ് കൃഷ്ണൻ. കാസർകോട്ടെ ഒബ്സർവേഷൻ ഹോമിൽ വളർന്നപ്പോൾ സ്കൂൾ രേഖകളിലടക്കം ജുവനൈൽ ഹോം എന്ന മേൽവിലാസം വന്നു. ഇതോടെ ജോലി ലഭിക്കാതെ അലയുകയാണ് ഇദ്ദേഹം.
ഹരിയാനക്കാരനായ മുജീബിൻ്റെയും ബംഗളൂരുകാരി സന്ധ്യയുടെയും മൂത്ത പുത്രൻ. സഹോദരങ്ങളുടെയും അമ്മയുടെയും മരണത്തോടെയാണ് അനാഥത്വത്തിൻ്റെ നോവിലേക്ക് 11-ാമത്തെ വയസിൽ അനൂപ് കൃഷ്ണൻ വലിച്ചെറിയപ്പെടുന്നത്. നന്നായി പാടുമായിരുന്ന അനൂപിനെ തീവണ്ടിയിൽ പാടിക്കുമായിരുന്നു പിതാവ് മുജീബ്. ഇങ്ങനെ കിട്ടുന്ന വരുമാനം മുജീബിൻ്റെ മദ്യപാനത്തിന് മാത്രമായിരുന്നു. കടവരാന്തകളായിരുന്നു അനൂപിൻ്റെ അഭയസ്ഥാനം. പിന്നീട് കാസർകോട് ഉപ്പളയിൽ വീട്ടുജോലിക്കായി മുജീബ് അനൂപിനെ വിൽക്കുമ്പോൾ വയസ് 13 മാത്രം. കൊടിയ പീഡനങ്ങളുടെ നാളുകൾക്കൊടുവിൽ അവിടെ നിന്നും രക്ഷപ്പെടുമ്പോൾ നല്ല ജീവിതമെന്ന സ്വപ്നം മാത്രമായിരുന്നു അനൂപിന്. പക്ഷെ വർഷങ്ങൾ പിന്നിടുമ്പോൾ സ്വന്തമായി മേൽവിലാസമില്ലാത്തതാണ് ജീവിതത്തിൽ വില്ലനാകുന്നത്.
ഒബ്സർവേഷൻ ഹോമിൽ നിന്നാണ് അനൂപ് പത്താം ക്ലാസ് വരെ പഠിച്ചത്. സ്കൂൾ രേഖയിലും ആധാർ കാർഡിലും രേഖപ്പെടുത്തിയത് 'ജുവനൈൽ ഹോം' എന്ന മേൽവിലാസവും. ഒരു ജോലിയെടുത്ത് ജീവിക്കാമെന്ന പ്രതീക്ഷയിൽ കാസർകോട് പട്ടണത്തിൽ പലയിടത്തും അലഞ്ഞെങ്കിലും മേൽവിലാസം കാണുമ്പോൾ ജോലി നൽകാനോ താമസ സ്ഥലം നൽകാനോ ആരും തയ്യാറാകുന്നില്ല. മേൽവിലാസം മാറ്റിക്കിട്ടുന്നതിന് ജില്ലാ കലക്ടറെയടക്കം നേരിട്ട് കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒരു സുഹൃത്തിൻ്റെ കൂടെയാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. ഇവിടെയും എത്ര നാൾ താമസിക്കാനാകുമെന്ന് അനൂപിന് അറിയില്ല.