കാസർകോട് : റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയേയും എഡിഎമ്മിനെയും വിളിച്ചു വരുത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവിയും എഡിഎമ്മും മന്ത്രിയെ അറിയിച്ചു. പിന്നാലെ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പിക്കാണ് അന്വേഷണ ചുമതല.
അതിനിടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പരിശീലനം നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
READ MORE:ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ; സംഭവം കാസർകോട്
ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയർത്തുക മാത്രമല്ല, പിന്നീട് തലകീഴായ പതാകയെ മന്ത്രി സല്യൂട്ടും ചെയ്തു. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ദേശീയ പതാകയെ അപമാനിക്കുകയാണ് മന്ത്രി അഹമ്മദ് ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണം. മന്ത്രിസഭയിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കൂടാതെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.