കാസർകോട്: ഊര്‍ജ സംരക്ഷണത്തിന് മാതൃകയാവുകയാണ് കാസര്‍കോട്ടെ ഒരു മുസ്ലിം പള്ളി. കാസര്‍കോട് കല്ലടക്കുറ്റി ഇല്ല്യാസ് ജുമാ മസ്ജിദാണ് സോളാറില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ച് ഊര്‍ജ സംരക്ഷണ സന്ദേശം നല്‍കുന്നത്. പള്ളിയിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്കാണ് നൽകുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന കാലത്താണ് സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പള്ളി അധികൃതരുടെ തീരുമാനം. പള്ളി പ്രദേശത്തെ പ്രവാസികൾ അടക്കമുള്ളവരുമായി ചർച്ച ചെയ്താണ് സൗരോർജ വൈദ്യുതി പ്രാവർത്തികമാക്കാനുള്ള തീരുമാനത്തിലെത്തിയത്.
പള്ളിയുടെ മേൽക്കൂരയുടെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ദിവസേന 22 യൂണിറ്റിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. പള്ളിയുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിക്കും നൽകുന്നു. സൗരോർജ പാനൽ സ്ഥാപിച്ച ശേഷം കറന്‍റ് ബില്ല് നല്‍കേണ്ടി വരുന്നില്ലെന്ന് മാത്രമല്ല, ഇവര്‍ നല്‍കുന്ന വൈദ്യുതിക്കുള്ള ചാര്‍ജ് വര്‍ഷത്തിലൊരിക്കൽ കെ.എസ്.ഇ.ബി പള്ളിക്കമ്മറ്റിക്ക് നല്‍കുകയും ചെയ്യും. മൂന്ന് ലക്ഷം രൂപ ചെലവിട്ടാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.