കാസര്‍കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളക്ക് ഇത്തവണ വേദിയാകുന്ന കാസര്‍കോട് സംഘാടക സമിതി രൂപീകരിച്ചു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍കോട് ജില്ല കലോത്സവത്തിന് ആതിഥ്യമരുളുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായാണ് സംഘാടകസമിതി രൂപീകരിച്ചത്. 30 വേദികളിലായി നടക്കുന്ന കലോത്സവത്തിന് കാഞ്ഞങ്ങാട് ഐങ്ങോത്ത് പ്രധാന വേദിയാകും.
മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി 21 സബ് കമ്മിറ്റികളും രൂപീകരിച്ചു. കലോത്സവം ഇത്തവണ ജനകീയ പങ്കാളിത്തത്തില്‍ വിപുലമായി നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. 1991ലാണ് അവസാനമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ആതിഥേയത്വം വഹിച്ചത്. യുവജനോത്സവം എന്ന പേര് മാറി കലോത്സവമായ ശേഷം ആദ്യമായി വിരുന്നെത്തുന്ന കലാമേളയെ മികവുറ്റതാക്കാന്‍ ജില്ല ഒരുങ്ങിക്കഴിഞ്ഞു.