കാസർകോട്: ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 50 കടന്നു. പുതുതായി ഒമ്പത് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആറ് പേർ ദുബായിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ സമ്പർക്ക പട്ടികയിലെ 52 പേരുൾപ്പെടെ 147 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിതരായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് പേർ വൈറസ് മുക്തരായി ആശുപത്രി വിട്ടു. ഒരാൾ ഇപ്പോഴും ചികിത്സയിലാണ്.
രോഗബാധ കണ്ടെത്തിയ നാല് പേർ ചെങ്കളയിലുള്ളവരാണ്. മൂന്ന് ചെമ്മനാട് സ്വദേശികളും മൊഗ്രാൽ പുത്തൂർ, കാസർകോട് നഗരസഭാ പരിധികളിലെ ഒന്ന് വീതം ആളുകളുമാണ് മറ്റുള്ളവർ. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. അതെ സമയം ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരെ മെഡിക്കൽ കോളജിലെ പ്രത്യേക കൊവിഡ് കേന്ദ്രത്തിലാണ് ചികിത്സിക്കുക. രോഗം സംശയിച്ച് ആശുപത്രികളിൽ കഴിയുന്ന 221 പേരുൾപ്പെടെ 10844 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്. ഇന്നത്തെ 102 സാമ്പിളുകൾ ഉൾപ്പെടെ ആകെ 1769 സാമ്പിളുകൾ ആണ് ഇതുവരെ പരിശോധനക്കയച്ചത്. ഇതിൽ 941 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇനി 685 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.