കാസര്‍കോട്: ജില്ലക്ക് ഇന്ന് 37 വയസ്. യൗവനത്തിന്‍റെ പ്രസരിപ്പില്‍ മറ്റൊരു പിറന്നാള്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ ജില്ല ഇന്നും പരാതികള്‍ക്കും
പരിമിതികള്‍ക്കും ഇടയിലാണ്. വടക്കിന്‍റെ ശബ്‌ദം വേണ്ടവിധം പരിഗണിക്കപ്പെടാതെ അരികുവത്കരിക്കപ്പെടുന്നുവെന്ന പരാതികളാണ് നാടെങ്ങും. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ പോരായ്‌മകള്‍ ഏറെയാണ്. ആരോഗ്യ രംഗത്ത് ഉന്നമനം എന്ന ലക്ഷ്യവുമായി പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളജ് ഇന്നും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഉദാഹരണം. കൊവിഡ് ഒന്നാം തരംഗം ജില്ലയെ വരിഞ്ഞ് മുറുക്കിയപ്പോള്‍ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്‌ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയെന്നത് മാത്രമാണ് ആകെയുള്ള മാറ്റം. സമ്പൂർണ ചികിത്സ സംവിധാനം എന്നത് ജില്ലയ്ക്ക് ഇന്നും അന്യമാണ്.
Also Read: കന്നഡ, ഇംഗ്ലീഷ്, മലയാളം.. സത്യപ്രതിജ്ഞയുടെ സഭാതലം
ലോകമനസാക്ഷിക്ക് മുന്നില്‍ നൊമ്പരമായി മാറിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങള്‍ ഇന്നും ദുരിത കയത്തില്‍ തന്നെ. ചികിത്സ തന്നെയാണ് പ്രധാന പ്രശ്‌നം. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിയമനത്തില്‍ കാസര്‍കോട് ഇന്നും പടിക്ക് പുറത്താണ്. ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമവും കടലാസില്‍ മാത്രമായി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാനം വന്നുവെന്നത് മാത്രമാണ് കഴിഞ്ഞ നാളുകളില്‍ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്ന്. വ്യാവസായിക മേഖലയില്‍ ഉള്‍പ്പെടെ പുരോഗതി കൈവരിക്കാന്‍ ജില്ലക്ക് ഇനിയും സാധിച്ചിട്ടില്ല.
Also Read: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്
സര്‍ക്കാര്‍ ഭൂമികള്‍ ഏറെയുണ്ടായിട്ടും വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ ജില്ലയുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. 1984 മെയ് 24ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ലയുടെ പ്രഖ്യാപനം നടത്തിയെങ്കിലും മറ്റിടങ്ങളിലേത് പോലുള്ള മുന്നേറ്റം സാധ്യമായില്ലെന്ന വിമര്‍ശനം ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഏഴ് ഭാഷകള്‍ സംഗമിക്കുന്ന നാടിനെക്കുറിച്ചുള്ള മേനി പറച്ചിലുകള്‍ മാത്രമാണ് ഈ നാടിന് ഇന്ന് ബാക്കി. സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിനെയും പിന്നീട് ഇ.കെ. നായനാരെയും നിയമസഭയിലെത്തിച്ച കേരളത്തിന്‍റെ ഈ വടക്കന്‍ മണ്ണ് കൂടി നവകേരളത്തിനൊപ്പം ഉയരുമെന്ന് പ്രത്യാശിക്കുകയാണ് കാസര്‍കോടന്‍ ജനത.