കാസർകോട്: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ പുനരാരംഭിച്ച എസ്എസ്എൽസി പൊതു പരീക്ഷയിൽ ദീർഘനാളത്തെ ഇടവേളയുടെ ആലസ്യം വെടിഞ്ഞ് വിദ്യാർഥികൾ. 153 കേന്ദ്രങ്ങളിലായി 19639 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. അതിർത്തി ജില്ലയായതിനാൽ സുരക്ഷാ നടപടികൾ എല്ലാം പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. കൊവിഡ് നാളുകളിൽ കർണാടകയിൽ കുടുങ്ങിയ വിദ്യാർഥികളെ പരീക്ഷക്കെത്തിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.
264 കുട്ടികൾ ആണ് തലപ്പാടി അതിർത്തി കടന്നെത്തേണ്ടിയിരുന്നത്. ഇതിൽ 225 വിദ്യാർഥികൾ അതിർത്തി വഴി എത്തി അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയി. മറ്റ് അതിർത്തികളിൽ കൂടിയും വിദ്യാർഥികൾ എത്തിയിട്ടുണ്ട്. ദേലംപാടി, എൺമകജെ, പൈവളിഗെ പഞ്ചായത്തുകളിലെ സ്കൂളുകളിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ 33 കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതി. ഇവർ രക്ഷിതാക്കൾക്കൊപ്പം കാൽനടയായി പരീക്ഷാകേന്ദ്രങ്ങളിലെത്തി. ഇതിനായി പൊലീസ് പ്രത്യേക അനുമതി നൽകിയിരുന്നു. അതേ സമയം കർണാടകയിലെ ബെല്ലാരിയിലുൾപ്പെടെ കുടുങ്ങിയ വിദ്യാർഥികൾ കാസർകോട് പരീക്ഷയെഴുതാനെത്തിയോ എന്നത് വ്യക്തമല്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുട്ടികളെ പരീക്ഷ തീരും വരെ താമസിപ്പിക്കാനും പരീക്ഷ എഴുതുന്നതിനും പ്രത്യേക സംവിധാനവും സ്കൂളുകളിൽ ഒരുക്കി. മാസ്കുകൾ ധരിച്ചെത്തിയ വിദ്യാർഥികളെ സോപ്പുപയോഗിച്ച് കൈകൾ കഴുകിച്ച ശേഷം തെർമൽ സ്കാനിങിന് വിധേയമാക്കിയാണ് പരീക്ഷ ഹാളുകളിൽ പ്രവേശിപ്പിച്ചത്.