കാസര്‍കോട്: ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 17 പേരിൽ 11 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെ. രോഗ ബാധിതരിൽ മൂന്ന് പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള സ്വദേശികള്‍, 46, 28 വയസുള്ള മധുര്‍ സ്വദേശികള്‍, കാസര്‍കോട് നഗരസഭ പരിധിയിലെ ഒരു കുടുംബത്തിലെ 21, 41 വയസുള്ള സ്ത്രീയും പുരുഷനും, ആറ് വയസുള്ള കുട്ടിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ സ്വദേശി, ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനി, മംഗളൂരുവില്‍ നിന്നും വന്ന് രോഗം സ്ഥിരീകരിച്ച ചെങ്കള സ്വദേശിയുടെ 20 വയസുള്ള മകള്‍ എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടിട്ടുണ്ട്.
സൗദിയിൽ നിന്ന് വന്ന കുംബഡാജെ, ദേലംപാടി, അബുദാബിയില്‍ നിന്നെത്തിയ തൃക്കരിപ്പൂര്‍ സ്വദേശികൾക്കും കുമ്പളയില്‍ തയ്യല്‍ ജോലിചെയ്യുന്ന 38 വയസുള്ള യുപി സ്വദേശി, ബെംഗളൂരൂവില്‍ നിന്ന് കാറില്‍ എത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശികൾക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മംഗല്‍പാടി (രണ്ട് ), തൃക്കരിപ്പൂര്‍ സ്വദേശികളും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മടിക്കൈ സ്വദേശിയും ഇന്ന് രോഗമുക്തി നേടി. വീടുകളില്‍ 6146 പേരും കേന്ദ്രങ്ങളില്‍ 566 പേരുമുള്‍പ്പെടെ ജില്ലയില്‍ 6712 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി 96 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വെ അടക്കം 425 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു. 826 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.