കണ്ണൂർ: കൊയ്യാൻ ആളില്ലാതെ ഏക്കർ കണക്കിന് വയലിലെ നെൽകൃഷി നശിക്കാൻ തുടങ്ങിയതോടെ രംഗത്തിറങ്ങി യൂത്ത് കോൺഗ്രസ് ജനശ്രീ പ്രവർത്തകർ. ഊർപ്പള്ളി വയലിലാണ് പ്രവർത്തകർ കൊയ്ത്തിനിറങ്ങിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കർഷകർ നെൽകൃഷി ഇറക്കിയത്. ചുരുക്കം ചിലർ സ്വന്തമായി കൊയ്തെടുത്തതൊഴിച്ചാൽ 10 ഏക്കറോളം സ്ഥലത്തെ നിരവധി പേരുടെ വിളവ് വെള്ളം കയറി നശിക്കുകയാണ്. മുണ്ടയാടൻ തമ്പാൻ, ചന്ദ്രശേഖരൻ, എൻ.പി. രവീന്ദ്രൻ, വിനോദൻ, പുരുഷോത്തമൻ തുടങ്ങി പത്തോളം പേരാണ് വേങ്ങാട് പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി നടത്തിയത്. മികച്ച വിളവ് ലഭിച്ചെങ്കിലും സമയത്തിന് കൊയ്തെടുക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടിലാവുകയായിരുന്നു.
ആദ്യവിളയായി ജൂണിലാണ് കൃഷി തുടങ്ങിയത്. മഴക്കാലത്തിന് അനുയോജ്യമായതിനാൽ ഉമ നെൽവിത്താണ് വിതച്ചത്. കിലോക്ക് 40 രൂപ നിരക്കിൽ ഒരേക്കർ സ്ഥലത്തിന് 25 കിലോ വിത്തെറിഞ്ഞു. കൃഷിയിറക്കാൻ പലർക്കും 30,000 മുതൽ 50,000 രൂപ വരെ ചെലവ് വന്നു. ബാങ്ക് ലോണെടുത്താണ് കർഷകർ പാടത്തിറങ്ങിയത്. കാലവർഷം കനത്തപ്പോൾ മിക്കവരുടെയും കൃഷിയിടങ്ങൾ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ഒരേക്കർ സ്ഥലത്ത് കൃഷി തുടങ്ങിയവരുടെ പകുതിയോളം സ്ഥലത്തെ കൃഷിയും നശിച്ചു.
മഴ മാറി മികച്ച പരിപാലനം നടത്തിയപ്പോൾ ബാക്കി വന്നവയിൽ നല്ല വിളവുണ്ടായി. ഈ മാസം ആദ്യവാരം തന്നെ വിളവ് കൊയ്തെടുക്കേണ്ടിയിരുന്നെങ്കിലും ആളെ ലഭിക്കാതായതോടെ കൊയ്ത്തു മുടങ്ങി. കൂലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെ വിട്ടുനൽകാൻ അധികൃതരും തയ്യാറായില്ല. ഇതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൊയ്ത്ത് നടത്തിയത്. ഇതൊരു സമരമോ പ്രതിഷേധമോ അല്ലെന്നും കർഷകരോട് മുഖം തിരക്കുന്നവരുടെ കണ്ണ് തുറപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കൊയ്ത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജയിംസ് പറഞ്ഞു.