കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെ വഴിയിൽ തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വർഗീസ്.
പ്രിയ വർഗീസിന് ചട്ടങ്ങളും യോഗ്യതയും മറികടന്ന് നിയമനം നൽകിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലറുടെ വസതിയിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. ജില്ല പ്രസിഡന്‍റ് പി.മുഹമ്മദ് ഷമ്മാസിന്‍റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വിസിയുടെ വസതിക്കുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ (ജൂൺ 28) വിസിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞത്. പയ്യാമ്പലത് 15ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. സി.പി.എം നേതാക്കൾക്ക് വേണ്ടി ഒത്താശ ചെയ്യുന്ന വൈസ് ചാൻസലർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധം കണക്കിലെടുത്ത് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പിരിഞ്ഞു പോകാൻ തയാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തുനീക്കി. സമരത്തിന് സുദീപ് ജെയിംസ്, കമൽജിത്, അനൂപ് തന്നട, തുടങ്ങിയവർ നേതൃത്വം നൽകി.