കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധി മന്ദിരവും, ഗാന്ധി പ്രതിമയും തകര്‍ത്ത പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് യുവജന സംഘടനകള്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു അസംബ്ലി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ച വനിത പ്രവര്‍ത്തകര്‍ക്ക് നേരെയും ലാത്തിച്ചാര്‍ജുണ്ടായി. വനിതാപ്രവര്‍ത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നാല് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.സി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും മാര്‍ച്ചില്‍ പങ്കെടുത്തു.