കണ്ണൂര്‍ : ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന രാജഗിരി പ്രദേശത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയില്‍ എബിനെ കണ്ടെത്തുകയായിരുന്നു. ആനയുടെ അക്രമണത്തില്‍ എബിനെ രക്തം ഛര്‍ദിച്ച നിലയില്‍ അവശനായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാല്‍, കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും കൃഷിയിടത്തിലല്ല സംഭവമുണ്ടായതെന്നുമാണ് വനം വകുപ്പിന്‍റെ വാദം. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയാണ് എബിൻ. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
ജില്ലയിൽ മുൻപും സമാനരീതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‍റെ ജീവൻ പൊലിഞ്ഞിരുന്നു. കണ്ണൂർ ആറളം ഫാമിലെ താമസക്കാരനായിരുന്ന രഘുവാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്. വിറക് ശേഖരിക്കാനായി പോയ രഘുവും സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരകളായത്. സുഹൃത്തുക്കളായ രണ്ട് പേർ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലായി 12 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരന്തരമായി കാട്ടാന അക്രമം നേരിടുന്ന ഈ മേഖലയിൽ 'ആന - പ്രതിരോധ മതിൽ' നിർമിക്കാൻ തീരുമാനിച്ചുവെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണമായും പ്രതിരോധിക്കാനുള്ള മാർഗമെന്ന് പ്രദേശവാസികളും രാഷ്‌ട്രീയ- സംഘടന തൊഴിലാളി യൂണിയനുകളും വ്യക്‌തമാക്കിയിരുന്നു.
ഇടുക്കിയിലും പാലക്കാടും കാട്ടാന ശല്യത്തിൽ ജനജീവിതം ദുരിതപൂർണമായിത്തീരുകയാണ്. ഇടുക്കിയിലെ 301 കോളനി, സിങ്കുങ്കണ്ടം, ചിന്നക്കനാൽ തുടങ്ങിയ മേഖലകളിലാണ് അരിക്കൊമ്പന്‍റെ അക്രമണങ്ങൾ നടക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും 18 തവണയാണ് മേഖലയിൽ അക്രമണമുണ്ടായത്. ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസി മേഖലയിൽ എത്തിയ അരിക്കൊമ്പൻ വീടിന് നേരെയാണ് അക്രമണം നടത്തിയത്.
ദിനംപ്രതി അട്ടപ്പാടി മേഖലയിലും കാട്ടാനകളുടെ ശല്യം വര്‍ധിച്ചുവരികയാണ്. അട്ടപ്പാടി ചിണ്ടക്കിയിലെത്തിയ ഒറ്റയാന്‍ ജീപ്പ് തകർത്തിരുന്നു. വിദ്യാർഥികളടക്കം യാത്രക്കാരുമായി വന്ന ജീപ്പാണ് കാട്ടാന അക്രമിച്ചത്. ജീപ്പിലുണ്ടായിരുന്ന ഏഴുപേർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലപ്പടയിൽ ആദിവാസികൾ സഞ്ചരിച്ചിരുന്ന ജീപ്പും കഴിഞ്ഞ ദിവസം കാട്ടാന തകർത്തിരുന്നു. പാലപ്പടയിൽ നിന്ന് ആനവായി ഊരിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. മറിച്ചിട്ട ജീപ്പിൽ തുടരെ കൊമ്പുകൾ കൊണ്ട് കുത്തുന്നതിനിടെയാണ് യാത്രക്കാരന് മുഖത്തും തലയിലും പരിക്കേറ്റത്.