കണ്ണൂര്‍: ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ട യുവതിയെ വീട്ടുകാർ ഉപദ്രവിക്കുന്നതായുള്ള പരാതിയുമായി സഹയാത്രിക ഫോർ ഹ്യൂമൻ റൈറ്റ്സ് അംഗങ്ങള്‍ രംഗത്ത്. തളിപ്പറമ്പ് മാവിച്ചേരിയിൽ ബന്ധുവീട്ടിൽ താമസിച്ചുവരികയായിരുന്ന പയ്യന്നൂർ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാസം മുതൽ ബന്ധുക്കൾ വീട്ടുതടങ്കലിലാക്കിയെന്നാണ് പരാതി.
നാല് മാസത്തോളമായി ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ട നസീമ, ഗാർഗി എന്നിവർക്കൊപ്പം സുഹൃത്തായ പെൺകുട്ടി കോഴിക്കോട് ചേവായൂരിൽ താമസിച്ചിരുന്നു. എന്നാൽ, ഡിസംബർ 24ന് വീട്ടുകാർ തെറ്റിദ്ധരിപ്പിച്ച് തിരികെ കൊണ്ട് പോയെന്നും അന്ന് രാത്രി നസീമയെ ഫോണിൽ വിളിച്ച പെൺകുട്ടി തന്നെ രക്ഷിക്കണമെന്ന് പറഞ്ഞതായും ഇവർ പറയുന്നു. തുടർന്ന് ഇതുസംബന്ധിച്ച് കണ്ണൂർ എസ്.പിക്ക് പരാതി നൽകി. പൊലീസില്‍ നിന്നും സഹായം ലഭിച്ചില്ലെന്നാണ് സംഘടനാ പ്രതിനിധികളുടെ പരാതി. പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും സുഹൃത്തുക്കൾക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നാണ് പൊലീസ് പ്രതികരിക്കുന്നത്.