കണ്ണൂർ : കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്ന് വയസുകാരി മരിച്ച സംഭവത്തിൽ ബന്ധുക്കളെയും മന്ത്രവാദ ചികിത്സ നല്‍കിയ പുരോഹിതനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പൊലീസ്. ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മതപരമായ ചികിത്സയാണ് ഇവർ കുട്ടിക്ക് നൽകിയിരുന്നത്. ഫാത്തിമയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ ജപിച്ച് ഊതൽ നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പോസ്‌റ്റുമോർട്ടം പരിശോധനയിൽ ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ചികിത്സ വൈകിയതാണ് മരണത്തിലേക്ക് നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് മതപരമായ ചികിത്സ നൽകിയ പുരോഹിതനെയും അടുത്ത ബന്ധുക്കളെയും അറസ്‌റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.
ALSO READ: ജലനിരപ്പ് ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു
കണ്ണൂർ സിറ്റി ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരി എംഎം ഫാത്തിമ കഴിഞ്ഞ ഞായറാഴ്‌ചയാണ് കടുത്ത പനിയെ തുടർന്ന് മരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണമാണ് കുട്ടി മരിച്ചതെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മുൻപും ചികിത്സ കിട്ടാതെ നാലിലധികം പേര് മരിച്ചതായും ഇവരുടെ ബന്ധു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഫാത്തിമയുടെ മരണത്തിൽ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: വീട്ടുവളപ്പിലെ മഞ്ഞള്‍ കൃഷിയിടത്തില്‍ അനക്കം കണ്ട് നോക്കി,ചാടിയടുത്ത് ആക്രമിച്ച് പുലി
സിറ്റി പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ഡി.എം.ഒ. എന്നിവരോട് രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.