കണ്ണൂർ: ഇന്ത്യൻ റിസർവ് ബാങ്കും കണ്ണൂർ ജില്ലയിലെ വളപട്ടണവും തമ്മിലൊരു ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലെ പഴയതും കീറിയതും ഉപയോഗയോഗ്യമല്ലെന്ന് റിസർവ് ബാങ്ക് കണ്ടെത്തുന്നതുമായ നോട്ടുകൾ എത്തുന്നത് വളപട്ടണത്താണ് എന്ന് പറഞ്ഞാല്‍ നിങ്ങൾ വിശ്വസിക്കുമോ...
ഇത് വിശ്വസിച്ചില്ലെങ്കില്‍ രാജ്യത്ത് നോട്ടുനിരോധനം ഏർപ്പെടുത്തിയ സമയത്ത് നിരോധിച്ച 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകൾ എത്തിയതും വളപട്ടണത്താണെന്ന് പറഞ്ഞാല്‍ അത് വല്ലാത്തൊരു കഥയാകും. അക്കഥയറിയണമെങ്കില്‍ 1944ല്‍ വളപട്ടണത്ത് എകെ ഖാദര്‍ കുട്ടി സ്ഥാപിച്ച വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയെക്കുറിച്ചറിയണം. ഏഷ്യയില്‍ രണ്ടാമത്തേതും ഇന്ത്യയില്‍ ആദ്യത്തേതുമാണ് ഈ പ്ലൈവുഡ് ഫാക്‌ടറി.
കറൻസി നോട്ട് പ്ലൈവുഡാകുന്നത് ഇങ്ങനെ: റിസർവ് ബാങ്ക് ഉപേക്ഷിക്കുന്ന കറൻസി നോട്ടുകൾ വാങ്ങി പൊടിച്ച് കുഴമ്പ് രൂപത്തിലാക്കും. അത് പിന്നീട് പ്ലൈവുഡ് ആക്കി മാറ്റും. നിങ്ങൾ ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്‌തിട്ടുണ്ടെങ്കില്‍, അത് പലപ്പോഴും വളപട്ടണത്തെ ഫാക്‌ടറിയില്‍ ഇന്ത്യൻ കറൻസി പൊടിച്ച് നിർമിച്ച പ്ലൈവുഡ് സീറ്റിലാണെന്ന് പറഞ്ഞാല്‍ അതും വിശ്വസിച്ചേ മതിയാകൂ...
ഇതെല്ലാം നാട്ടുകാർക്കും ഇവിടെ ജോലി ചെയ്യുന്ന ആയിരത്തോളം തൊഴിലാളികൾക്കും അറിയാമെങ്കിലും 'അങ്ങനെ പരസ്യമായി പറയാൻ' പാടില്ലെന്ന് കമ്പനി ഉടമകൾ പറയും. നോട്ട് എത്തിക്കുന്നത് മുതല്‍ പൊടിച്ച് പൾപ്പ് ആക്കുന്നത് വരെ കർശന നിബന്ധനകളോടെയാണ്.
ട്രെയിന്‍ ഫ്ലോർബോർഡ് (train floorboard) കൊടുക്കുന്ന രാജ്യത്തെ നാല് അംഗീകൃത കമ്പനികളിൽ ഒന്നാണിത്. നിർമാണ, അറ്റകുറ്റപ്പണി നടത്തുന്ന യൂണിറ്റുകൾക്ക് ആവശ്യമായ പ്ലൈവുഡ് ഇപ്പോഴും ഇവിടെ നിന്ന് നിർമിച്ചു നൽകുന്നുണ്ട്. വിപ് ചെക്ക് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ലോറികളിലും ഇവ ഉപയോഗിക്കുന്നു. ട്രാൻസ്ഫോർമറിലെ ഇൻസുലേറ്ററും ഇവിടെ നിന്നുണ്ടാക്കുന്നുണ്ട്. വിപ് ലം എന്നാണ് ഇതിന്‍റെ പേര്.
ട്രെയിനിലെ സീറ്റും ബസിന്‍റെ പ്ലാറ്റ്‌ഫോമും നിർമിക്കാൻ മരത്തടിയും: കോംപ്രെഗ് പ്ലൈവുഡ് (compreg plywood) ആണ് ഇവിടെ ഉപയോഗിക്കുന്നത്. കൽപ്പൈൻ മരം ആണ ഉപയോഗിച്ചാണ് നിർമാണം. മലേഷ്യയിൽ നിന്ന് കപ്പൽ വഴി കണ്ടെയ്‌നറിൽ ആണ് ഇത് എത്തിക്കുന്നത്. പക്ഷേ ഇന്ത്യൻ കറൻസി നോട്ടിലെ കൗതുകം മലേഷ്യയില്‍ നിന്ന് കപ്പല്‍ വഴി എത്തിക്കുന്ന മരത്തടിക്കില്ലല്ലോ....വിദേശത്തും വൻ ഡിമാൻഡുള്ള വളപട്ടണം പ്ലൈവുഡിന്‍റെ കഥ ഇങ്ങനെയാണ്...