കണ്ണൂർ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജിവച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസമൊന്നുമില്ല. സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറായി നേരത്തെയും പല കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ട്. അവരെന്നും വഴിയാധാരമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലായതുകൊണ്ട് പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ അർഥമില്ല. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിൻ്റെ സെമിനാറിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ചെന്നിത്തല അന്ന് വന്നില്ല. കോൺഗ്രസുമായി ഒരു വിശാല സഖ്യം സി.പി.എം ആലോചിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
Also Read: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം
കെ.വി തോമസിന് സീറ്റ് ഒഴിച്ചിട്ടിട്ടുണ്ടെന്നത് വ്യാഖ്യാനങ്ങൾ മാത്രമാണ്. സെമിനാറിൽ ആരെ പങ്കെടുപ്പിക്കണം എന്ന് സി. പി.എമ്മാണ് തീരുമാനിക്കുന്നത്. തോമസിന് വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ട്. കെ.വി.തോമസിൻ്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിൻ്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.