കണ്ണൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് കളിയാട്ടക്കാവുകളെല്ലാം നിശ്ചലമാണ്. ചിലമ്പൊലിയും ചെണ്ടക്കൊട്ടുമെല്ലാം നിര്‍ത്തിവെച്ച് വടക്കന്‍ മലബാറിന്‍റെ മണ്ണ് കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങൾ തുടരുകയാണ്. എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പിലെ പാളയാടെ മൈക്കീല്‍ ഹൗസിലെ തെയ്യക്കോലങ്ങളുടെ കാഴ്‌ച ഈ ലോക്ക് ഡൗണ്‍ കാലത്തും കൗതുകം നിറയ്‌ക്കുന്നു. ഫ്രീലാൻസ് വെബ് ഡിസൈനറായി ജോലി ചെയ്യുന്ന ഷൈജു കഴിഞ്ഞ ഏഴ് വർഷമായി തെയ്യക്കോലങ്ങളുടെ രൂപങ്ങൾ നിർമിക്കാറുണ്ടെങ്കിലും ലോക്ക് ഡൗൺ കാലത്തെ ഇടവേളകൾ പൂർണമായും തെയ്യക്കോല രൂപങ്ങളുടെ നിര്‍മാണത്തിനായി മാറ്റിവെക്കുകയായിരുന്നു.
കതിവന്നൂർ വീരൻ, മുത്തപ്പൻ വെള്ളാട്ടം, പൊട്ടൻ ദൈവം, വയനാട്ടുകുലവൻ, കരിങ്കുട്ടി ചാത്തന്‍, തിരുവപ്പന, വിഷ്‌ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ഷൈജുവിന്‍റെ കരവിരുതില്‍ കലാസൃഷ്‌ടികളായി മാറുന്നു. പേപ്പർ പൾപ്പ്, ഫോം ബോർഡ്, തുണി, തകിട് എന്നിവ ഉപയോഗിച്ചാണ് നിർമാണം. 17 സെന്‍റിമീറ്റർ മുതൽ നാലടി വരെ ഉയരമുള്ള തെയ്യക്കോലങ്ങൾ ഷൈജു നിർമിക്കുന്നുണ്ട്. തെയ്യക്കോലങ്ങളുടെ ചെറിയ രൂപങ്ങൾ നിർമിക്കാൻ രണ്ടാഴ്‌ചയും വലിയ രൂപങ്ങൾ നിർമിക്കാൻ ഒരു മാസവും സമയം വേണ്ടിവരും. ഇതിൽ നാലടി ഉയരമുള്ള ബാലിത്തെയ്യത്തിന്‍റെ രൂപം കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലും രണ്ടടി ഉയരമുള്ള ശ്രീമുത്തപ്പന്‍റെ രൂപം കുന്നത്തൂർ പാടി ദേവസ്ഥാനത്തും ഷൈജു സമർപ്പിച്ചിരുന്നു. കൂടാതെ നിരവധി കാവുകളിലും തന്‍റെ കലാസൃഷ്‌ടികൾ ഷൈജു സമർപ്പിച്ചിട്ടുണ്ട്.