കണ്ണൂർ: പാനൂരില്‍ വിഷ്‌ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ന് രാവിലെ മാനന്തേരിയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ആണ് പ്രതി ഉപയോഗിച്ച ആയുധങ്ങളും മറ്റു വസ്‌തുക്കളും കണ്ടെത്തിയത്. വീടിനടുത്തുള്ള കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് മാസ്‌ക്, ഷൂ, ഷർട്ട്, കൈയുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട, ഇരുമ്പു കമ്പി, ചുറ്റിക, കത്തി എന്നിവയാണ് പൊലീസ് കണ്ടെത്തിയത്.
കൂടാതെ പ്രതി സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു. വിഷ്‌ണുപ്രിയയുടെ കഴുത്തറുക്കാൻ പ്രതി ശ്യാംജിത്ത് ഉപയോഗിച്ച കത്തി സ്വന്തമായി നിര്‍മിച്ചതാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. വിഷ്‌ണുപ്രിയയെ അടിക്കാന്‍ ഉപയോഗിച്ച ചുറ്റികയും കുത്താന്‍ ഉപയോഗിച്ച ഇരുമ്പു കമ്പിയും കടയിൽ നിന്ന് വാങ്ങിയതാണ്.
കൊലക്ക് ശേഷം ആയുധങ്ങളും വസ്‌ത്രവും ഉപേക്ഷിച്ച് പ്രതി പൊലീസ് അന്വേഷണം വഴി തിരിച്ച് വിടാനും ശ്രമിച്ചു. ഇതിനായി ബാർബർ ഷോപ്പിൽ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎൻഎ പരിശോധന നടത്തുമ്പോൾ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്‌തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്.
ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്‌ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
Also Read: പാനൂർ യുവതിയുടെ കൊലപാതകം പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമെന്ന് പൊലീസ്