കണ്ണൂർ: മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് കടവിൽ വെള്ളക്കെട്ട് കാരണം വീടുവിട്ടറങ്ങാൻ പറ്റാതെ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിൽ. സ്വകാര്യ വ്യക്തി സ്ഥലം മണ്ണിട്ട് നികത്തിയതോടെ ഓവ് ചാൽ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. രണ്ട് കുടുംബങ്ങൾ ഇവിടെ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിലാണ് വെള്ളക്കെട്ടിലകപ്പെട്ട് കുടുംബങ്ങൾ ദുരിതത്തിലായത്. വെള്ളം പുഴയിലേക്ക് ഒലിച്ചു പോകാതെ കെട്ടിക്കിടക്കുന്നതിനാൽ ഈ ഭാഗത്തുള്ള നിരവധി കുടുംബങ്ങൾക്ക് റോഡിലേക്ക് എത്തിച്ചേരണമെങ്കിൽ ഏറെ കഷ്ടപ്പെടണം. വെള്ളക്കെട്ട് കാരണം വയോധികരും കുട്ടികളും അടക്കമുള്ളവർ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ALSO READ: കുളത്തൂരിലും മരം മുറി വിവാദം: ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി
പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. മഴ കനത്തതോടെ വീട്ടിലേക്ക് വെള്ളം കയറുന്ന സ്ഥിതിയിലാണ് ഇവിടം. അധികാരികൾ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം അടിയന്തിരമായി കാണണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.