കണ്ണൂർ: തളിപ്പറമ്പ് വെള്ളാരംപാറയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായി. അധികാരികളുടെ ശ്രദ്ധയിപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിൽ തളിപ്പറമ്പ് പൊലീസിന്‍റെ ഡംമ്പിങ് യാർഡിന് സമീപത്തായാണ് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്.
രണ്ടാഴ്ച്ചയിലേറെയായി ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതുമൂലം പാഴാകുന്നത്. നാട്ടുകാർ നിരവധി തവണ അധികാരികളെ വിവരമറിയിച്ചിരുന്നു. എന്നിട്ടും പരാതി പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. വെള്ളം ശക്തിയായി പുറത്തേക്ക് തെറിക്കുന്ന ഭാഗത്ത് നാട്ടുകാർ മരക്കുറ്റി തിരുകി കയറ്റിയതിന്‍റെ ഭലമായി വെള്ളത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടിയന്തരമായി പൈപ്പ് ശരിയാക്കി കുടിവെള്ളം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.