കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ മുംബൈയിൽ നിന്നും കണ്ണൂരിലേക്ക് എത്തിച്ചു. കണ്ണൂർ ജില്ലയിലേക്ക് ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങൾ നാടുകാണി കിൻഫ്ര ഗോഡൗണിലേക്കാണ് എത്തിച്ചത്. മുംബൈയിൽ നിന്നും പൊലീസ് അകമ്പടിയോടെയാണ് കണ്ണൂർ ജില്ലയിലേക്ക് 4000 വിവിപാറ്റ് യന്ത്രങ്ങളും 3600 കൺട്രോൾ യൂണിറ്റ് യന്ത്രങ്ങളും എത്തിച്ചത്.
ഏറ്റവും പുതിയ വിഭാഗത്തിൽപെട്ട എം3 മെഷീൻ ആണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ആറ് കണ്ടെയ്‌നറുകളിലായാണ് ഇവ എത്തിച്ചത്. കൊണ്ടുവന്ന യന്ത്രങ്ങളുടെ പരിശോധന അടുത്ത ദിവസം മുതൽ തുടങ്ങും. വോട്ടിങ്ങ് മെഷീനുകൾ കൊണ്ടുവരുന്നതിനായി ഡിസംബർ പതിനെട്ടിനാണ് ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരൻ, കണ്ണൂർ തഹസിൽദാർ പി വി അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സത്യജിത്ത് എന്നിവർ മുംബൈയിലേക്ക് പോയത്. ഇവർക്ക് സുരക്ഷയൊരുക്കാൻ എ ആർ ക്യാമ്പിലെ 11 പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. 22 ന് മുംബൈയിൽ നിന്നും തിരിച്ച സംഘം ബുധനാഴ്‌ച ഉച്ചയോടെ തളിപ്പറമ്പ് നാടുകാണി കിൻഫ്ര ഗോഡൗണിലെത്തി. അടുത്ത ഘട്ടമായി 3800 ബാലറ്റ് യൂണിറ്റുകളും 2000 കൺട്രോൾ യൂണിറ്റുകളും പൂനെയിൽ നിന്നും എത്തിക്കും.