കണ്ണൂർ : ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വേങ്ങാലിൽ കൃഷ്‌ണൻ കൃഷ്‌ണമേനോൻ എന്ന വി.കെ കൃഷ്‌ണമേനോന്‍റെ ശിൽപമൊരുങ്ങി. ഇന്ത്യയിലും വിദേശത്തും നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലമാണ് ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി.കെ കൃഷ്‌ണമേനോന്‍റെ അർദ്ധകായ ശിൽപം നിർമിച്ചത്.
മൂന്നുമാസത്തോളം സമയമെടുത്താണ് രണ്ടര അടി ഉയരമുള്ള ശിൽപം പൂർത്തിയാക്കിയത്. ഫൈബർ ഗ്ലാസിൽ നിർമിച്ച ശിൽപത്തിന് കോപ്പർ നിറത്തിലുള്ള ഫിനിഷിങ് ആണ് നൽകിയിരിക്കുന്നത്. മലബാറിലെ ഏക സർക്കാർ വനിത കലാലയമായ കണ്ണൂർ പള്ളിക്കുന്ന് കൃഷ്‌ണമേനോൻ സ്‌മാരക ഗവൺമെന്‍റ് വനിത കോളജിന് മുന്നിൽ പീഠത്തിന് മുകളിലാണ് ശിൽപം സ്ഥാപിക്കുന്നത്.
കോളജ് അധികൃതർ നൽകിയ ചിത്രങ്ങളും ഇന്‍റർനെറ്റിൽ നിന്ന് ലഭ്യമായ വീഡിയോകളും നിർമാണം പൂർണതയിൽ എത്തിക്കുവാൻ സഹായകമായി. വി.കെ കൃഷ്‌ണമേനോൻ കോട്ടും ടൈയും അണിഞ്ഞിരിക്കുന്ന രീതിയിലാണ് ശിൽപം ഒരുക്കിയിരിക്കുന്നത്.
2022 ജനുവരി 9, 10 തീയതികളിലായി നടക്കുന്ന നാക് (NAAC) സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന കോളജ് സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായാണ് വിശ്വപൗരൻ വി.കെ കൃഷ്‌ണമേനോന്‍റെ അർദ്ധകായ ശിൽപം കോളജിന് മുൻപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കിഷോർ കെ.വി, ചിത്ര.കെ എന്നിവരും ശിൽപ നിർമാണത്തിൽ സഹായികളായി.
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്‍റെ നിർദേശങ്ങളും ശിൽപ നിർമാണത്തിനുണ്ടായിരുന്നു. ശിൽപത്തിന്‍റെ അനാച്ഛാദനം അടുത്തുതന്നെ നടക്കും.