കണ്ണൂര്‍: രൗദ്ര തെയ്യങ്ങളെ വരച്ച് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് നേടിയിരിക്കുകയാണ് തലശ്ശേരി അണ്ടലൂരിലെ വേദ് തീര്‍ഥ് ബിനേഷ് (Vedh Theerth Binesh in Worldwide Book of Records). മൂന്നാം വയസില്‍ മത്സ്യങ്ങളെ വരച്ച് തുടങ്ങിയ വേദ് തീര്‍ഥ് മണിക്കൂറുകള്‍ക്കുള്ളില്‍ മുന്നൂറോളം ചിത്രങ്ങള്‍ വരച്ച് തീര്‍ക്കും. ചെടികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയിലായിരുന്നു തുടക്കം. ആനയാണ് വേദ് തീര്‍ഥിന്‍റെ ഇഷ്‌ടമൃഗം. ആന എഴുന്നള്ളത്തും വരക്കാന്‍ ഇഷ്‌ടമാണ്.
വേദ് തീര്‍ഥിന് തെയ്യങ്ങളെ (Theyyam) ഇഷ്‌ടമായതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു ദിവസം അണ്ടലൂര്‍ കാവിലെ ഉത്സവത്തിന് മാതാപിതാക്കളോടൊപ്പം തെയ്യം കാണാന്‍ പോയി. കാവിന്‍ മുറ്റത്തെ തിണ്ണയില്‍ അമ്മയുടെ മടിയിലിരുന്നപ്പോള്‍ അതാവരുന്നു കോലധാരികളായ ബാലിയും സുഗ്രീവനും. ചെണ്ടയുടെ ദ്രുതതാളത്തില്‍ ചീനിക്കുഴലിന്‍റെ അകമ്പടിയോടെ കാവിന്‍ മുറ്റത്ത് യുദ്ധ സന്നദ്ധരായി ബാലിയും സുഗ്രീവനും എന്തിനും പോരുന്ന നിലയില്‍ തയ്യാറെടുക്കുന്നു. യുദ്ധം തുടങ്ങുകയായി. ബാലി -സുഗ്രീവ യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഇതെല്ലാം മനസില്‍ ഒപ്പിയെടുക്കുകയായിരുന്നു വേദ് തീര്‍ഥ് എന്ന ചിത്രകാരന്‍.
വീട്ടിലെത്തിയപ്പോള്‍ വേദ് തീര്‍ഥിന് ഇരിക്കപ്പൊറുതിയില്ല. കാവിന്‍ മുറ്റത്ത് കണ്ട കളിയാട്ടം ഉറക്കച്ചടവുണ്ടെങ്കിലും അവന്‍ വരച്ച് തീര്‍ത്തു. കടലാസില്‍ സാക്ഷാല്‍ യുദ്ധം അരങ്ങേറി. യുദ്ധ വീരരായ ബാലിയുടേയും സുഗ്രീവന്‍റെയും ചിത്രങ്ങള്‍ കണ്ടവര്‍ കണ്ടവര്‍ വേദ് തീര്‍ഥിനെ അഭിനന്ദിച്ചു. ഈ സംഭവത്തോടെ തെയ്യങ്ങളിലെ ഉഗ്രമൂര്‍ത്തികള്‍ വേദ് തീര്‍ഥിന്‍റെ ഇഷ്‌ട കഥാപാത്രങ്ങളായി. ഇരുപത് തെയ്യങ്ങളെ വരച്ചതോടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിക്കുകയും ചെയ്‌തു. വെറും മുപ്പത് മിനിറ്റ് കൊണ്ടാണ് ഇത്രയും തെയ്യങ്ങളെ വേദ് തീര്‍ഥ് വരച്ചു തീര്‍ത്തത്. ഇത്രയും ചിത്രങ്ങള്‍ ഇത്രയും വേഗത്തില്‍ വരച്ചു തീര്‍ത്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാലന്‍ എന്ന ബഹുമതി അതോടെ വേദ് തീര്‍ഥിന് സ്വന്തം. ലോകഭൂപടം വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡും നേടിയിരുന്നു ഈ മിടുക്കന്‍.
തലശ്ശേരി സാന്‍ ജോസ് മെട്രോപൊളിറ്റന്‍ സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വേദ് തീര്‍ഥ്. എല്‍കെജി പഠന കാലത്ത് തന്നെ ചിത്ര രചനയില്‍ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയിരുന്നു ഈ ബാലന്‍. പുരസ്‌ക്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് വേദ് തീര്‍ഥിന്‍റെ വീട്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും പ്രഥമ സ്ഥാനം നേടുകയാണ് ഈ ബാല ചിത്രകാരന്‍. ഇപ്പോള്‍ വേദ് തീര്‍ഥിന്‍റെ ചിത്രരചന വിവിധ തലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെയും ഇന്ത്യയിലെയും സംഭവവികാസങ്ങള്‍ രചനയില്‍ പ്രതിഫലിച്ചു തുടങ്ങി.
Also Read: 'ഇളനീർ കൊത്തി കൊടുത്ത് അനുഗ്രഹം വാങ്ങണം' ; ഓലച്ചൂട്ട് വെളിച്ചത്തിൽ ഉറഞ്ഞാടി ഇരിണാവ് നങ്ങോളങ്ങര ഭഗവതി
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം, കടല്‍ ക്ഷോഭം, വന്യജീവികള്‍ എന്നിവയെല്ലാം വരച്ച് ചിത്രരചനയുടെ വര്‍ത്തമാനകാല മാനം കൈവരിക്കുകയാണ് വേദ് തീര്‍ഥ്. വാട്ടര്‍ കളര്‍, ക്രയോണ്‍സ്, അക്രിലിക് എന്നിവയാണ് വേദ് തീര്‍ഥിന്‍റെ രചന മാധ്യമം. ഐഎസ്ആര്‍ഒ കണ്ണൂര്‍ സോണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം, വന്യജീവി വാരാഘോഷ രചന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം, കേരള സാഹിത്യ അക്കാദമി നടത്തിയ മത്സരത്തില്‍ പ്രഥമ സ്ഥാനം തുടങ്ങി നൂറുക്കണക്കിന് ബഹുമതികള്‍ വേദ് തീര്‍ഥ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുന്ന, അണ്ടല്ലുര്‍ താഴെകാവിനടുത്ത് നടുപ്പറമ്പത്ത് ബിനേഷിന്‍റെയും അതുല്യയുടെയും മൂത്ത മകനാണ് ഈ ചിത്രകാരന്‍. സഹോദരിയും എല്‍കെജി വിദ്യാര്‍ഥിനിയുമായ വൈദേഹിയും ചിത്ര രചന തുടങ്ങിയിട്ടുണ്ട്.