കണ്ണൂർ: ബോട്ടിൽ ആർട്ട് രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകി പേരെടുത്ത ഒട്ടനവധി കലാകാരന്മാർ നമുക്കിടയിലുണ്ട്. എന്നാൽ അവരിൽ നിന്നും തികച്ചും വ്യത്യസ്‌തനായിരിക്കുകയാണ് പയ്യന്നൂരിലെ അന്നൂർ സ്വദേശിയായ കെവി നിഷാന്ത്. മറ്റുള്ള കലാകാരന്മാർ ബോട്ടിലുകളിൽ രചന നടത്തുമ്പോൾ നിഷാന്ത് ബോട്ടിലിനുള്ളിൽ ശിൽപ രൂപങ്ങൾ നിർമിക്കുന്നു. ഇവയിൽ അധികവും തെയ്യങ്ങളാണ്.
ശിൽപ നിർമാണത്തിലൂടെ ഉപജീവന മാർഗം തേടുന്ന നിഷാന്ത് അതേ ഗൗരവത്തോടെയും സൂക്ഷ്‌മതയോടെയുമാണ് ബോട്ടിൽ ആർട്ടും ചെയ്യുന്നത്. തെർമൊക്കോളാണ് നിഷാന്ത് ശിൽപ നിർമാണത്തിനായി ഉപയോഗിക്കുന്നത്. തെർമൊക്കോളിൽ ശിൽപങ്ങൾ നിർമിച്ച ശേഷം അതിൽ ആവശ്യമായ ചായം പൂശുന്നു.
തുടർന്ന് ഓരോ കഷണങ്ങളായി അടർത്തിയെടുത്ത് ഈർക്കിൽ കൊണ്ട് കുത്തിയെടുത്ത് പശ ഉപയോഗിച്ച് കുപ്പികൾക്കുള്ളിൽ സ്ഥാപിക്കുന്നു. ഓരോ വർണങ്ങൾ അടങ്ങിയ കഷണങ്ങളും വളരെ സൂക്ഷ്‌മമായി വേണം ബോട്ടിലിനുള്ളിൽ ചേർത്ത് വയ്ക്കാന്‍. ഇത്തരത്തിൽ നിരവധി കലാരൂപങ്ങളാണ് ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ളത്.
ആദ്യമാദ്യം വളരെ സമയമെടുത്ത് ചെയ്‌തിരുന്ന ആർട്ട് വർക്കുകൾ ഇപ്പോൾ വളരെ നിഷ്പ്രയാസം നിഷാന്ത് ചെയ്‌ത് തീർക്കുന്നു. ഈ മേഖലയിൽ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന കൂട്ടുകാരുടെ നിർദേശത്തെ തുടർന്നാണ് ഇത്തരം ഒരു പരീക്ഷണത്തിന് നിഷാന്ത് ഒരുങ്ങിയത്. ബോട്ടിൽ ആർട്ടിന്‍റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയ നിഷാന്തിന് ലോക റെക്കോഡ് അടക്കമുള്ള നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.