കണ്ണൂർ: തളിപ്പറമ്പ് മുയ്യം വരടൂൽ ലക്ഷ്‌മി നാരായണ ക്ഷേത്രം വെറുമൊരു ക്ഷേത്രം മാത്രമല്ല ഇപ്പോൾ. കര നെൽകൃഷിക്കുള്ള പാടം കൂടിയാണ്. ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായാണ് ക്ഷേത്ര മുറ്റം നവീകരിച്ചത്.
നടപ്പാതയ്ക്കായി കരിങ്കൽ പാകിയ ശേഷം തരിശായി കിടക്കുന്ന ബാക്കിയുള്ള സ്ഥലത്താണ് ഇവർ വിത്തിറക്കിയത്. 15 അംഗ ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവം പ്രധാന ആഘോഷമാണ്. എന്നാൽ, ക്ഷേത്രത്തിൽ നിറ ഉത്സവത്തിന് വേണ്ട കതിർ കറ്റ കിട്ടാത്ത ഒരു സാഹചര്യം നേരിടേണ്ടിവന്നു.
പ്രധാനമായും ഉപയോഗിച്ചത് ജ്യോതിനെല്‍വിത്ത്: പലയിടങ്ങളിലും അലഞ്ഞ് നെൽ കതിർ കൊണ്ട് വരേണ്ടേ അവസ്ഥ വന്നു. ഈ ഘട്ടത്തിലാണ് കര നെൽകൃഷിയെ കുറിച്ച് ഇവർ ചിന്തിച്ചു തുടങ്ങിയത്. പിന്നീട് ക്ഷേത്രം തിരുമുറ്റം കരിങ്കൽ പാകി നവീകരിച്ച ശേഷം ബാക്കി ഉള്ള പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിൽ ട്രാക്‌ടർ കൊണ്ട് ഉഴുതുമറിച്ച് വിത്തിട്ടു.
ജ്യോതി നെൽവിത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ പ്രത്യുഷ, ഉമാവിത്തുകളും ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തിയാൽ മുറ്റം കാടുകയാറാതെ സംരക്ഷിക്കാം എന്ന ലക്ഷ്യവും ഇവർക്കുണ്ടായിരുന്നു. ഒരേക്കറിലധികം വരുന്നതാണ് ക്ഷേത്ര ഭൂമി. ഇതിൽ 25 സെന്‍റ് സ്ഥലത്താണ് കൃഷി ഇറക്കിയത്. വിത്തിറക്കി ഏതാണ്ട് രണ്ടാഴ്‌ച കഴിയുന്നതെ ഉള്ളു.
വിത്തുകൾ മുള പൊട്ടി വരുന്നു. വേനൽ മഴ കുളിർമ നൽകുന്നുണ്ടെങ്കിലും നിരന്തരം വെള്ളം ഒഴിക്കാൻ പൈപ്പ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നെൽകൃഷിക്ക് ആവശ്യമായ ജൈവ വളം ഇവർ വീടുകളിൽ നിന്ന് തന്നെയാണ് എത്തിക്കുന്നത്.
ഒന്നിച്ച് നിന്ന് ക്ഷേത്ര സമിതികള്‍: 80 പേരടങ്ങുന്ന ക്ഷേത്ര മാതൃസമിതിയാണ് കൃഷിക്ക് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത്. കൂടാതെ ക്ഷേത്രം തന്ത്രിയും, ഉത്സവാഘോഷ സമിതിയും, ഭരണ സമിതിയും ഇവർക്കൊപ്പം ചേരുന്നു. മൂന്നുനാലു മാസം കൊണ്ട് വിളവെടുക്കാനാണ് ഇവരുടെ പദ്ധതി.
ക്ഷേത്രത്തിന് പുറത്ത് കഴിഞ്ഞ വർഷം ഇവർ പരീക്ഷാടിസ്ഥാനത്തില്‍ നെൽ കൃഷി ചെയ്‌തിരുന്നു. ഏതാണ്ട് 2600ല്‍ അധികം പഴക്കമുള്ളതാണു കണ്ണൂർ മുയ്യം വരടൂൽ ലക്ഷ്‌മി നാരായണ ക്ഷേത്രം. കുറുമാത്തൂർ ഇല്ലത്തിന്‍റെ അധീനതയിൽ ആയിരുന്നു ക്ഷേത്രം. നടത്തിപ്പ് ബുദ്ധിമുട്ടിനെ തുടർന്ന് ജനങ്ങൾക്ക് വിട്ടുനൽകിയതിന്‍റെ അടിസ്ഥാനത്തിൽ 1986ലാണ് ഇവിടെ ആദ്യ പ്രതിഷ്‌ഠ നടക്കുന്നത്.
2021 ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണമായും കൃഷ്‌ണ ശീലയിലൂടെ ഒരു കോടി രൂപയിൽ അധികം ചിലവിൽ ക്ഷേത്രത്തിൽ വീണ്ടും പ്രതിഷ്‌ഠ നടത്തുകയായിരുന്നു. മലബാർ ദേവസ്വം ബോർഡ് അധീനതയിൽ അല്ലാത്ത ക്ഷേത്രത്തിൽ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നതും ജനകീയ കമ്മിറ്റിയിലൂടെയാണെന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്ര മാതൃസമിയുടെ നേതൃത്വത്തിൽ അഞ്ച് പൂന്തോട്ടങ്ങളും ഇവിടെ സംരക്ഷിച്ചു വരുന്നു.
also read: നട്ടത് പാവല്‍, കിട്ടിയത് 9 അടിയുള്ള പടവലം..!; വെറൈറ്റിയായി തോമസിന്‍റെ കൃഷി