കണ്ണൂർ: പുരാവസ്തുക്കളോട് എട്ടാം വയസ്സില്‍ തുടങ്ങിയ പ്രണയം അമ്പതാം വയസിലും കെടാതെ സൂക്ഷിച്ച് തലശേരി മാടപ്പീടിക സ്വദേശി അഷ്റഫ്. കേട്ടറിഞ്ഞതും ചിത്രങ്ങളിൽ മാത്രം കണ്ടറിഞ്ഞതുമായ അമൂല്യ വസ്തുക്കളുടെ ശേഖരം ഇതിനോടകം പലയിടങ്ങളിലും അഷ്റഫ് പ്രദർശിപ്പിച്ചു കഴിഞ്ഞു.
പാനൂരിനടുത്ത് കൈവേലിക്കൽ എം.ഇ.എസ് സ്‌കൂളിൽ അഷ്റഫ് നടത്തിയ പുരാവസ്‌തു പ്രദർശനം കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഗ്രാമഫോൺ, വിശറി, നന്നങ്ങാടി ഭരണി, ചീന ഭരണി, ഡ്രാഗൺ ഭരണി, കൽച്ചട്ടി, പല രൂപത്തിലുള്ള പഴയ കാല കിണ്ടികൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവക്കുപുറമെ പഴയ കാല നാണയങ്ങൾ, കറൻസികൾ, ആധാരങ്ങൾ എന്നിവയുടെ ശേഖരവും പ്രദര്‍ശനത്തിലുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും കാഴ്ചക്കാർക്കും പ്രദർശനം വേറിട്ട അനുഭവമായി. അഷ്റഫിന്‍റെ പുരാവസ്തു സ്നേഹം അറിയാവുന്നതുകൊണ്ടുതന്നെ പലരും അമൂല്യമായ വസ്തുക്കൾ സമ്മാനിക്കാറുമുണ്ട്.