കണ്ണൂർ : നിറം മങ്ങിയ കറുത്ത ശിലയിൽ പേരും മരിച്ച ദിവസവും അടയാളപ്പെടുത്തിയ ഒരു കല്ലറയുണ്ട് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷന്‍റെ തെക്കുഭാഗത്ത്. 82 വർഷം മുൻപ് കൊല്ലപ്പെട്ട സബ് ഇൻസ്‌പെക്‌ടർ കുട്ടികൃഷ്‌ണ മേനോൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റേതാണത്. കൊല്ലപ്പെട്ട സഹപ്രവർത്തകന്‍റെ കല്ലറ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പൊലീസ് സ്റ്റേഷൻ കൂടിയാണ് വളപട്ടണം.
മൊറാഴ സമരത്തിൽ അണപൊട്ടിയ കർഷകരോഷത്തിൽ പൊലിഞ്ഞതാണ് കുട്ടികൃഷ്‌ണ മേനോന്‍റെ ജീവൻ. മൃതദേഹം പൊതുദർശനത്തിനായി സ്റ്റേഷനിൽ കൊണ്ടുവരികയും ജനക്കൂട്ടം അനുവദിക്കാതെ വന്നപ്പോൾ മറ്റു മാർഗമില്ലാതെ മൃതദേഹം സ്റ്റേഷൻ വളപ്പിൽ സംസ്‌കരിച്ച് പിന്നീട് കല്ലറ കെട്ടുകയായിരുന്നു. 1940 സെപ്‌റ്റംബർ 15ന് ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യ പങ്കാളിയായതിനെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം മലബാർ കലക്‌ടർ വില്യംസ് നിരോധിക്കുകയായിരുന്നു.
ഇതിനെതിരെ കെപിആർ ഗോപാലന്‍റേയും വിഷ്‌ണു ഭാരതീയന്‍റേയും നേതൃത്വത്തിൽ സംഘടിച്ച കർഷക പ്രതിഷേധത്തിന് കുട്ടികൃഷ്‌ണ മേനോൻ നിരോധന ഉത്തരവിറക്കി. ഇതോടെ അഞ്ചാംപീടികയിൽ കർഷകർ സംഘടിച്ചു. ഒടുവിൽ ഇവിടെയും നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കുട്ടികൃഷ്‌ണ മേനോൻ കൊല്ലപ്പെടുകയുമായിരുന്നു.
1940 ഡിസംബർ അഞ്ചിനാണ് കല്ലറ പണിയുന്നത്. സംഭവം നടന്ന് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും വളപട്ടണം സ്റ്റേഷനിൽ ഈ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖയും ഇല്ലെന്നതാണ് കൗതുകം. ഈ ശവകുടീരം കാണാൻ കുട്ടികൃഷ്‌ണന്‍റെ ബന്ധുക്കൾ ചിലപ്പോഴെത്താറുണ്ടെന്ന് ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.