കണ്ണൂർ: പാണപ്പുഴ വില്ലേജില്‍ അനധികൃത ചെങ്കല്‍ ക്വാറി നിര്‍മാണം വ്യാപകമാകുന്നു. കരിപ്പാപൊയില്‍, എടക്കാട്ടുപാറ എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി അനധികൃത ചെങ്കല്‍ ക്വാറി നിര്‍മാണം നടക്കുന്നത്. റവന്യൂ ഭൂമി കയ്യേറിയും, സ്വകാര്യ സ്ഥലത്തിന്‍റെ രേഖ തിരിമറിയാക്കിയുമാണ് പ്രധാനമായും ചെങ്കൽ ഖനനം നടത്തുന്നത്.
മിച്ചഭൂമി കയ്യേറിക്കൊണ്ടുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനമാണ് മറ്റൊരു പ്രശ്‌നം. ജിയോളജിക്കല്‍ വകുപ്പിന്‍റെ അനുമതിയോ, റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയോ ചെയ്യാതെയാണ് മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് മാത്രമായി 10 ഓളം ചെങ്കൽ ക്വാറികളും കരിങ്കൽ ക്വാറികളുമാണുള്ളത്.
ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ക്വാറികളില്‍ നിന്നും കല്ലുമായി പോകുന്നത്. കണ്ണൂര്‍ ജില്ലക്ക് പുറമെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളളവരാണ് ക്വാറി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. അനുദിനം ഈ പ്രദേശത്ത് ക്വാറി നിര്‍മാണം വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ അധികാരികൾ നിലപാടെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അമിതമായ ചെങ്കല്‍ ക്വാറി നടത്തിപ്പും, ടിപ്പര്‍ ലോറികളുടെ വര്‍ധനവും മൂലം പ്രകൃതി രമണീയമായ സ്ഥലത്തിൻ്റെ ഭൂഘടന പോലും മാറുന്ന സാഹചര്യമാണ്. പ്രദേശത്തെ ചെങ്കല്‍ ക്വാറി നിര്‍മാണ മേഖലകളില്‍ അധികാരികള്‍ കൃത്യമായ ഇടപെടലും, നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഈ മേഖല ഒന്നടക്കം ചെങ്കല്‍ ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാകുമെന്ന നിലയിലാണ്. പാണപ്പുഴ കരിപ്പാപൊയില്‍ അനധികൃത ചെങ്കല്‍ ക്വാറി നിര്‍മാണത്തിനെതിരെ റവന്യൂ - ജിയോളജി വകുപ്പിലും, ജില്ലാ കലക്‌ടര്‍ക്കും പരാതി നൽകിയതിനെ തുടർന്ന് താത്‌കാലികമായി നിർത്തിവച്ചെങ്കിലും ഏത് സമയത്തും വീണ്ടും തുടങ്ങുമെന്ന നിലയിലാണ്.