കണ്ണൂർ: പാനൂരിലെ ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിതിൽ പ്രതികരണവുമായി യുഡിഎഫ് നേതാക്കൾ. കൊലപാതകത്തിന് നേതൃത്വം കൊടുത്തവരാണ് യോഗത്തിലിരിക്കുന്നത്. അത്തരം നേതാക്കളുമായി ചർച്ച ചെയ്യാൻ താൽപ്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പറഞ്ഞു.
Read More: കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
21 വയസുള്ള ഒരു കുട്ടി ദാരുണമായി കൊല്ലപ്പെട്ടിട്ട് 40 മണിക്കൂറോളമായി. കൊലപാതകത്തിന് വേണ്ടി ആയുധ സംഭരണം നടത്തിയ ഡിവൈഎഫ്ഐ നേതാക്കളടക്കമുള്ളവരെ പിടികൂടാൻ ഇത്രയും സമയം ആവശ്യമില്ല. ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ജില്ലയിലെ പൊലീസ് സംവിധാനം അതേ വഴിയിലൂടെയാണ് ഇപ്പോഴും പോകുന്നത്. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
Read More: സമാധാനയോഗം: യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടിയേരി
സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്‌ത് തല്ലിച്ചതച്ചെന്ന് മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വികെ അബ്‌ദുൾ ഖാദർ മൗലവി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. കൊലയാളികളെ പറ്റിയുള്ള എല്ലാ തെളിവും നല്‍കിയിട്ടും പൊലീസ് ചെറുവിരൽ അനക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും