കണ്ണൂര്‍: കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ യാത്രക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന പ്രദേശമാണ് മലബാര്‍. ട്രെയിനുകളെ ആശ്രയിച്ച് ജീവിത ക്രമം നിശ്ചയിച്ച മലബാറുകാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ് ദക്ഷിണ റെയില്‍വെയുടെ മെല്ലെപ്പോക്ക്. തിങ്ങി നിറഞ്ഞ് വൈകിയോടുന്ന ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് യാത്രയുടെ ദുരിത പര്‍വ്വം മാത്രം.
മലബാറില്‍ അടുത്ത ജില്ലകളിലേക്കും തിരിച്ചും ജോലി ചെയ്യാന്‍ നിത്യേന പോയി വരുന്നവര്‍ നിരവധിയാണ്. ട്രെയിനുകളെ മാത്രം ആശ്രയിച്ച് ജോലിക്ക് പോയിരുന്നവർ യാത്ര ക്ലേശത്താല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന സംഭവങ്ങള്‍ മലബാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ സ്ഥാപനത്തില്‍ കൃത്യസമയത്ത് എത്താനോ തിരിച്ച് വീട്ടിലെത്താനോ തീവണ്ടിയെ ആശ്രയിക്കാനാവുന്നില്ല.
ജീവിതക്രമം പോലും താളം തെറ്റുകയാണ്. കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കും തിരിച്ച് മംഗലൂരുവിലേക്കും ട്രെയിൻ യാത്ര അതി കഠിനമാണ്. മലബാറിലെ ഏതാണ്ടെല്ലാ യാത്രക്കാര്‍ക്കും പരിചിതമായ അനുഭവം. ഒരു ട്രെയിനിലല്ല, എല്ലാ ട്രെയിനുകളിലെയും അനുഭവം ഇതു തന്നെ. ഒന്നു നില്‍ക്കാന്‍ പോലും ഇടമില്ലാത്ത തിരക്ക്. വണ്ടി പുറപ്പെട്ടാലോ, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള പിടിച്ചിടലുകളും.
റെയില്‍ യാത്രയില്‍ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീഴലും തളര്‍ച്ചയും അനുഭവപ്പെടുന്നത് ഇന്ന് പതിവ് കാഴചയായി. വയോധികര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ പരിഗണന നല്‍കണമെന്നുണ്ടെങ്കില്‍ പോലും ഒന്നിനും സാധിക്കാത്ത സാഹചര്യം. ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ ഓരോ കോച്ചിലും മൂന്നിരട്ടി വരെ ആളുകളാണ്. അശാസ്‌ത്രീയമായ സമയമാറ്റവും വന്ദേഭാരതിന് വേണ്ടിയുള്ള പിടിച്ചിടലും എല്ലാം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ്.
മലബാറിലെ ദുരിതയാത്ര മനുഷ്യാവകാശ കമ്മീഷനിലെത്തിയപ്പോള്‍ മംഗലാപുരം നാഗര്‍ കോവില്‍ പരശുറാം എക്‌സ്‌പ്രസിലെ തിരക്ക് പരിഹരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതര്‍ കമ്മീഷനില്‍ ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ അതിനുള്ള നടപടിയൊന്നുമായില്ല. ഈ ട്രെയിനില്‍ ജനറല്‍ കോച്ചിലെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാര്‍ഥിനികള്‍ തളര്‍ന്നു വീണ സംഭവവും അടുത്തിടെയുണ്ടായി. വന്ദേഭാരതിന് വേണ്ടി തിക്കോടി റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ട് 20 മിനിട്ടിലേറെ കഴിഞ്ഞപ്പോഴാണ് വിദ്യാര്‍ഥിനികള്‍ തളര്‍ന്ന് വീണത്. ഇതും ഇന്ന് പതിവ് കാഴ്‌ച മാത്രയായി.
കണ്ണൂര്‍ - ഷൊര്‍ണ്ണൂര്‍ മേഖലയില്‍ ശ്വാസംമുട്ടിക്കുന്ന ദുരിത യാത്രക്കിടെ ഇരുപതിലേറെ യാത്രക്കാര്‍ ഇതിനകം കുഴഞ്ഞ് വീണെന്നാണ് കണക്ക്. എല്ലാ കണക്കുകളും ലഭ്യമാകുന്നതുമില്ല. സഹയാത്രികര്‍ ശുശ്രൂഷകരായി മാറുന്നതാണ് പതിവ്.
കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ പരശുറാം എക്‌സ്‌പ്രസിലാണ്. 78 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ജനറല്‍ കോച്ചില്‍ 180ൽ ഏറെ ആളുകളാണ് യാത്ര ചെയ്യുന്നത്. റെയില്‍ യാത്ര നരകയാത്രയാവുന്ന വേളയിലും യാത്ര മുടക്കാന്‍ പറ്റാത്ത സ്‌ത്രീകള്‍ റിസര്‍വേഷന്‍ കമ്പാർട്ട്‌മെന്‍റിൽ കയറിപ്പോയാല്‍ ടിടിഇയും പൊലീസും ഇറക്കി വിടുന്ന സംഭവവുമുണ്ടാകുന്നു. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി മാറിക്കയറാമെന്ന അപേക്ഷ പോലും പരിഗണിക്കപ്പെടുന്നില്ല.
സ്ലീപ്പര്‍ കോച്ചും എസി കോച്ചും വര്‍ധിപ്പിച്ച് ജനറല്‍ കംമ്പാര്‍ട്ട്‌മെന്‍റുകള്‍ കുറക്കുന്ന റെയില്‍വെ അധികാരികളുടെ സമീപനമാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമാവുന്നത്. കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ ഇരുപതിനായിരത്തിലേറെയാണ്.
ഓണ്‍ലൈന്‍ ടിക്കറ്റെടുത്ത് കയറുന്നവര്‍ ഇതിന് പുറമേയാണ്. എവിടിഎം കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങുന്നവരും ഉണ്ട്. കോഴിക്കോട് നിന്ന് യാത്ര ചെയ്യുന്നവര്‍ മുപ്പത്തയ്യാരത്തിലേറെ വരും. എന്നാല്‍ ഇത്രയേറെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ട സൗകര്യം റെയില്‍വെ ഒരുക്കിയിട്ടില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. എല്ലാവരേയും യോജിപ്പിച്ച് പ്രക്ഷോഭ നടപടി തുടരാന്‍ റെയില്‍ യാത്രക്കാരുടെ സംഘടനകളും ആലോചിച്ചു വരികയാണ്.